വീണ്ടും മറുകണ്ടം ചാടി നിതീഷ്, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.. മഹാസഖ്യസര്‍ക്കാര്‍ താഴെ വീണു
പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന് നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചു. ഇതോടെ 18 മാസം നീണ്ട മഹാഗത്ബന്ധന്‍ സര്‍ക്കാരും വീണു. ഇന്ന് തന്നെ ബി ജെ പി പിന്തുണയോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജിക്കത്ത് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് നിതീഷ് കുമാര്‍ ഇന്ന് നടന്ന ജെ ഡി യു എം എല്‍ എമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
തീരുമാനമെടുക്കാന്‍ ജെ ഡി യു എം എല്‍ എമാര്‍ നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു. എന്‍ ഡി എ സഖ്യം വിട്ട് ഒന്നര വര്‍ഷം കൊണ്ട് നിതീഷ് മടങ്ങി പോകുന്നത്. നിതീഷ് കുമാറിന്റെ തീരുമാനത്തിനൊപ്പം ജെ ഡി യു നിയമസഭാ യോഗത്തിലെ എല്ലാ എം എല്‍ എമാരും ഉറച്ചുനിന്നു.

ഗവര്‍ണറെ കണ്ടതിന് ശേഷം സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് കുമാര്‍ അവകാശവാദമുന്നയിച്ചു. ആദ്യം നിതീഷ് കുമാര്‍ രാജിവെക്കുന്നത് വരെ കാത്തിരിക്കുക എന്നതായിരുന്നു ബി ജെ പിയുടെ തന്ത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങളുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിഹാര്‍ ബി ജെ പി എംഎല്‍എമാരും ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു.
സംസ്ഥാനത്തെ മഹാഗത്ബന്ധനുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്ന് രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച നിതീഷ് പറഞ്ഞു. ബിഹാര്‍ 243 അംഗ നിയമസഭയില്‍ ജെ ഡി യുവിന് 45 ഉം ബി ജെ പി 78 ഉം എം എല്‍ എമാരാണ് ഉള്ളത്. നാല് എം എല്‍ എമാരുള്ള ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്. ഇതോടെ 128 അംഗങ്ങളുടെ പിന്തുണ എന്‍ ഡി എയ്ക്ക് ലഭിക്കും.
122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മറുവശത്ത് ആര്‍ ജെ ഡിക്ക് 79 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസ് 19, സി പി ഐ എം എല്‍ 12, സി പി എം 2, സി പി ഐ 2 എന്നിങ്ങനെയാണ് മഹാഗത്ബന്ധനിലെ കക്ഷിനില. 114 പേരുടെ പിന്തുണയെ സഖ്യത്തിന് ഉള്ളൂ. എ ഐ എം ഐ എമ്മിന് രണ്ട് സീറ്റും ഒരു സ്വതന്ത്രനും ബിഹാര്‍ നിയമസഭയില്‍ ഉണ്ട്.












Click it and Unblock the Notifications