പൊതുപരിപാടിയ്ക്കിടെ നിതീഷ് കുമാറിനെതിരെ ആക്രമണം; അക്രമി പിടിയില്‍
പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാര്‍പൂരില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്തതായും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സഫര്‍ ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ ശ്രദ്ധേയനായ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് ആക്രമണം നടന്നത്.
പുറകില്‍ നിന്ന് വന്ന അക്രമി അതിവേഗം ഡെയ്സില്‍ കയറുന്നതും പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കുനിഞ്ഞിരുന്ന നിതീഷ് കുമാറിനെ പുറകില്‍ നിന്ന് അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വലിച്ചിഴച്ചു. നേരത്തെ 2020 നവംബറിലും ഒരു പൊതുചടങ്ങിനിടെ നിതീഷ് കുമാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഹര്‍ലാഖിയിലെ ഒരു റാലിയില്‍ ജനക്കൂട്ടത്തില്‍ നിന്ന് നിതീഷിന് നേരെ ഉള്ളി എറിയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനായി ബിഹാറിലെ മധുബനിയില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഇത്.

അതേസമയം ഭക്തിയാര്‍പൂരില്‍ നിതീഷ് കുമാറിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. അക്രമത്തിനെതിരെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാന്‍ ജനങ്ങളോട് തേജസ്വി യാദവ് ആഹ്വാനം ചെയ്തു. കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി തന്റെ പഴയ ലോക്സഭാ മണ്ഡലമായ ബര്‍ഹിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുകയാണ്. 1989 മുതല്‍ 1999 വരെ അഞ്ച് തവണ ബര്‍ഹില്‍ നിന്ന് നിതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബാര്‍ഹ് മണ്ഡലത്തില്‍ അദ്ദേഹം നടത്തുന്ന അഞ്ചാമത്തെ സന്ദര്‍ശനമാണിത്. നേരത്തെ ബാര്‍ഹ് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഫതുഹ അസംബ്ലി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ നിതീഷ് ശനിയാഴ്ച തിരഞ്ഞെടുത്തു. നിലവില്‍ മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് (ബി ജെ പി) പ്രതിനിധീകരിക്കുന്ന പട്ന സാഹിബ് പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ള ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ഫതുഹ. ജോല്‍ ബിഗാഹ ഗ്രാമം, സസൗന ഗ്രാമം (ധനറുവ ബ്ലോക്ക്), ഫതുഹ ബ്ലോക്കിലെ സോനാരു ഗ്രാമം എന്നിങ്ങനെ മൂന്നിടങ്ങളില്‍ നിതീഷ് പഴയ രാഷ്ട്രീയ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.

മുതിര്‍ന്ന ജെ ഡി യു നേതാക്കളായ രബീന്ദ്ര പ്രസാദ് സിങ് (പാര്‍ട്ടി ദേശീയ സെക്രട്ടറി), അനില്‍കുമാര്‍ സിങ് (സംസ്ഥാന ജനറല്‍ സെക്രട്ടറി), ശ്യാം പട്ടേല്‍ (മുന്‍ യൂത്ത് സെല്‍ പ്രസിഡന്റ്) എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ എത്തിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ജെ ഡി യു പ്രവര്‍ത്തകര്‍ ബിന്ദൗലി ഗ്രാമത്തില്‍ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നല്‍കി.

'നിങ്ങള്‍ എന്നെ അഞ്ച് തവണ എംപി (പാര്‍ലമെന്റ് അംഗം) ആക്കി. ഈ പ്രദേശത്തെ ജനങ്ങളെ ഞാന്‍ എങ്ങനെ മറക്കും? ഞാന്‍ ഈ മേഖലയില്‍ നിന്ന് മത്സരിക്കാന്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ എന്നെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ഓര്‍ക്കും. മുമ്പ് ഞാന്‍ ഈ പ്രദേശത്തെ എംപി ആയിരുന്നപ്പോള്‍, ഞാന്‍ സ്ഥിരമായി ഈ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ബീഹാറിലുടനീളം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചതിന് ശേഷം (മുഖ്യമന്ത്രിയായതിന് ശേഷം) ഈ പ്രദേശത്തേക്കുള്ള എന്റെ സന്ദര്‍ശനം കുറഞ്ഞു. പക്ഷേ, മുമ്പത്തെപ്പോലെ നിങ്ങളെ കാണണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു, നിതീഷ് പറഞ്ഞു.












Click it and Unblock the Notifications