30 കൊല്ലമായി ബീഹാര്‍ ഗതി പിടിച്ചില്ല; നിതീഷിനെ ഉന്നമിട്ട് പ്രശാന്ത് കിഷോര്‍, മറുപടി ഇങ്ങനെ
പട്‌ന: പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പാര്‍ട്ടി ഉടനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, രാഷ്ട്രീയ മേഖലയില്‍ സജീവമാകുന്നു. ബീഹാറില്‍ 15 വര്‍ഷത്തെ ഭരണം കൊണ്ട് വളരെ പിന്നോട്ട് പോയെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. ബീഹാറില്‍ പുതിയ ചിന്തയും രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ടുവരുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.
ബീഹാറിനെ ശക്തമായ നിലയിലേക്ക് കൊണ്ടുവരാന്‍ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രശാന്തിന്റെ പ്രഖ്യാപനം. ഇപ്പോഴത്തെ ഭരണം കൊണ്ട് അത് സാധ്യമാകില്ലെന്നും പ്രശാന്ത് പറയുന്നു. എന്നാല്‍ പ്രശാന്തിന്റെ പരാമര്‍ശങ്ങളെ നിതീഷ് കുമാര്‍ തള്ളി. വല്ലവന്റെയും അഭിപ്രായങ്ങള്‍ ഞങ്ങള്‍ വകവെക്കാറില്ലെന്നായിരുന്നു നിതീഷിന്റെ മറുപടി.

പ്രശാന്ത് രാഷ്ട്രീയ തട്ടകമായി ബീഹാറിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി ഇപ്പോള്‍ രൂപീകരിക്കില്ല. പക്ഷേ ബീഹാറില്‍ നിന്നൊരു ദേശീയ സംവിധാനമാണ് പ്രശാന്ത് ലക്ഷ്യമിടുന്നത്. സംസ്ഥാന പര്യടനമാണ് പ്രശാന്തിന്റെ അജണ്ട. പ്രതിപക്ഷ നിരയിലേക്ക് പ്രശാന്ത് പോകുമോ എന്ന ഭയം നിതീഷ് കുമാറിന് അടക്കം ഉണ്ട്. എന്നാല്‍ വൈകാതെ തന്നെ ചെറിയൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, അതിലേക്ക് വിശ്വസ്തരെയും പ്രൊഫഷണല്‍ അടക്കമുള്ളവരെയും കൊണ്ടുവരാനാണ് പ്രശാന്ത് പ്ലാന്‍ ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യം അറിയാവുന്നത് കൊണ്ട് തന്നെ ഏറ്റവും സത്യസന്ധരായവരെയാണ് പ്രശാന്ത് തിരഞ്ഞെടുക്കുന്നത്.

ജെഡിയുവും ഞാനും ബീഹാറിന് വേണ്ടി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഏതെങ്കിലും ഒരാളുടെ അഭിപ്രായം അത്ര പ്രാധാന്യമുള്ളതല്ല. സത്യമാണ് ഏറ്റവും പ്രധാനം. ജനങ്ങള്‍ക്ക് ഞങ്ങള്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയാം. എത്രത്തോളം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഏന്തൊക്കെ സര്‍ക്കാര്‍ നിങ്ങള്‍ക്ക് തന്നുവെന്നും അറിയാവുന്നതാണ്. ഞങ്ങള്‍ ചെയ്ത കാര്യത്തെ കുറിച്ചുള്ള ഉത്തമബോധ്യം നിങ്ങള്‍ക്കുണ്ട്. ആ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ തന്നെയാണ് മറുപടി നല്‍കേണ്ടത്. ആരെങ്കിലും പറയുന്നതിന് അല്ലെങ്കിലും അനുഭവമുള്ളവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും നിതീഷ് വ്യക്തമാക്കി.

അതേസമയം പ്രശാന്ത് ഇതിന് പിന്നാലെ നിതീഷിന് മറുപടിയുമായി എത്തി. നിതിഷ് പറഞ്ഞത് കറക്ടാണ്. സത്യം വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ സത്യം എന്തെന്നാല്‍ 30 വര്‍ഷത്തോളം ലാലുവും നിതീഷും ഭരിച്ചിട്ടും ബീഹാര്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്രവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനവുമാണെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. ബീഹാറില്‍ ഒരുപാട് വികസനം നടക്കുന്നുണ്ടെന്നാണ് ലാലുവും നിതീഷുമെല്ലാം അവകാശപ്പെട്ടത്. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും കാലയളവില്‍ ബീഹാര്‍ രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനമാണെന്നും പികെ പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ബീഹാറിനെ സംബന്ധിച്ച് നല്ലതായിരുന്നില്ലെന്ന് പ്രശാന്ത് ചൂണ്ടിക്കാണിച്ചു.

വികസനത്തിന്റെ പല സൂചികകളിലും ബീഹാര്‍ ഇപ്പോഴും പിന്നിലാണ്. ഇപ്പോഴുള്ള രീതിയില്‍ പോയാല്‍ നമ്മള്‍ ഒരിക്കലും ഇന്ത്യയിലെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ എത്തില്ല. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തിനിടയില്‍ നമ്മള്‍ നടത്തിയത് പോലുള്ള കാര്യങ്ങളല്ല ബീഹാറിന് വേണ്ടത്. നിതീഷ് കുമാറിന്റെ കാലത്ത് കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ എന്നിവയെല്ലാം നിതീഷിന്റെ കാലത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. കാരണം ഏറ്റവും പിന്നില്‍ നിന്ന് ബീഹാറിനെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

താന്‍ നിതീഷ് കുമാറിനെ കാണാതിരുന്നതില്‍ ചില കാരണങ്ങളുണ്ട്. എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവും നിതീഷുമായിട്ടില്ല. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ വ്യക്തിബന്ധവും പ്രൊഫഷണല്‍ ബന്ധവും രണ്ടാണ്. രണ്ടിലും ഒരേ അഭിപ്രായം കൊണ്ടുവരിക ബുദ്ധിമുട്ടാണ്. നിതീഷ് കുമാര്‍ എന്നെ യോഗത്തിന് വിളിക്കുകയാണെങ്കില്‍ ഞാന്‍ പോകും. എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹവുമായി എല്ലാ കാര്യത്തിലും യോജിക്കുന്നുവെന്നല്ല. ഒരുമിച്ച പ്രവര്‍ത്തിക്കുമെന്നും അര്‍ത്ഥമില്ല. നിതീഷ് എനിക്ക് പിതാവിനെ പോലെയാണ്. എന്ന് കരുതി എനിക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പാടില്ലെന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications