ഗംഗയ്ക്ക് കുറുകെ ആറുവരി പാലം, അമൃത് ഭാരത് എക്‌സ്പ്രസ്; വമ്പന്‍ പദ്ധതികളുമായി മോദി ബിഹാറിലേക്ക്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് വമ്പന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. നാളെ ബിഹാറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 13,000 കോടി രൂപയുടെ പദ്ധതികള്‍ ആണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ആരോഗ്യം, വൈദ്യുതി മേഖല, നഗരവികസനം, അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നിര്‍മ്മാണം എന്നീ മേഖലകളില്‍ ആയിരിക്കും ഈ പദ്ധതികള്‍.
പട്‌നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് മുകളിലൂടെയുള്ള ആറ് വരി പാലമാണ് ഇതില്‍ പ്രധാനം. 1871 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പാലം ഏഷ്യയിലെ ഏറ്റവും വീതിയേറിയ പാലമാണ്. 34 മീറ്റര്‍ വീതിയാണ് ഈ പാലത്തിനുണ്ടായിരിക്കുക. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഗദ് ഡിവിഷനിലെ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 26 സീറ്റുകളില്‍ ഒന്ന് പോലും ജെഡിയുവിന് നേടാന്‍ കഴിയാത്ത മഗദ് മേഖലയിലും (മധ്യ ബീഹാര്‍) വന്‍ പദ്ധതികളുണ്ട്.

എന്‍ഡിഎ ഇവിടെ ദുര്‍ബലമാണെന്ന വസ്തുത മനസിലാക്കി കൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ ആകര്‍ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ബൃഹദ് പദ്ധതികളാണ് ആവിഷ്‌കരിക്കാന്‍ പോകുന്നത്. നാളെ ഗയയിലെ മഗദ് സര്‍വകലാശാലയുടെ കാമ്പസില്‍ ഒരു പൊതു റാലിയെ മോദി അഭിസംബോധന ചെയ്യും. ഗയയെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസും വൈശാലിക്കും കൊഡെര്‍മയ്ക്കും ഇടയിലുള്ള ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും.
ദീപാവലി, ഛാത്ത് സമയങ്ങളില്‍ ബീഹാറിലേക്ക് റെയില്‍വേ സര്‍വീസ് നടത്താന്‍ തീരുമാനിച്ച പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമെയാണിത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഗയ വിമാനത്താവളം പറക്കല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനാല്‍ ഗയയിലും പരിസരത്തും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ പ്രധാനമന്ത്രി ബീഹാറിലേക്ക് നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണിത്. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ബിജെപി എല്ലാ മാസവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഗയയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ജിതന്‍ റാം മാഞ്ചി, ചിരാഗ് പാസ്വാന്‍ എന്നിവരെ കൂടാതെ ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ''പ്രധാനമന്ത്രിയുടെ പരിപാടിക്ക് മതിയായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഗയയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ ഏകദേശം 2 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' സാമ്രാട്ട് ചൗധരി പറഞ്ഞു.












Click it and Unblock the Notifications