ബിഹാര്‍ മൂന്നാം ഭാഗം: തേജസ്വിക്ക് പിന്നാലെ പോകുന്ന ബിജെപിയും നിതീഷും, വോട്ട് ഭിന്നിക്കല്‍ തന്ത്രം
ബിഹാറിന്റെ ജാതി സമവാക്യങ്ങളുടെ തിരുത്തലുകളും മാറ്റി എഴുതലുകളുമാണ് ബിഹാര്‍ ജനവിധിയുടെ അടിസ്ഥാനം. യാദവേതര ഒബിസി, അതിപിന്നാക്ക വിഭാഗക്കാര്‍, മഹാദളിതുകള്‍, പസ്മാന്‍ഡ മുസ്ലീങ്ങള്‍ എന്നിവരുടെ ഉറച്ച പിന്തുണയാണ് നിതീഷിന്റെ ശക്തി. സര്‍വോപരി ബിഹാറിലെ നിര്‍ണായക വോട്ടു ശക്തിയായി മാറിയ സ്ത്രീകള്‍ക്കിടയിലെ ഉറച്ച സ്വീകാര്യതയും.
സദ്ഭരണം അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ഈ ജാതി സമവാക്യത്തെ നിതീഷ് പൊളിച്ചതും പുതിയ വിഭാഗങ്ങളിലേയ്ക്ക് കടന്നു കയറി സ്വീകാര്യത നേടിയതും. ഇന്നിപ്പോള്‍ അതേ സാധ്യത തേടുന്ന മൂന്ന് കളിക്കാര്‍ കൂടി കളത്തിലുണ്ട്. തേജസ്വിയും ചിരാഗും പ്രശാന്ത് കിഷോറും. എംവൈയില് നിന്ന് പുറത്തേയ്ക്ക് ആര്‍ജെഡിയെ എത്തിക്കുക എന്ന പരീക്ഷണത്തിലാണ് തേജസ്വി മുഴുകിയിരിക്കുന്നത്.

കഴിഞ്ഞ വട്ടം മഹാസഖ്യത്തെ 110 സീറ്റുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത് തേജസ്വിയുടെ നേതൃപാടവം ഒന്നുകൊണ്ട് മാത്രമായിരുന്നു. ഭൂരിപക്ഷത്തിന് 12 സീറ്റ് മാത്രം കുറവ്. 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ആര്‍ജെഡി തന്നെ. ഇത്തവണയും തേജസ്വിയെ ഭീഷണിയായിത്തന്നെ നിതീഷും മോദിയും കാണുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് തേജസ്വിയുടെ ഓരോ വാഗ്ദാനങ്ങളും എന്‍ഡിഎ അങ്ങനെതന്നെ ഏറ്റെടുത്തത്.
പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയെന്ന് തേജസ്വി പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 250 യൂണിറ്റ് വൈദ്യുതി സൗജന്യമെന്ന നിതീഷ് സര്‍ക്കാരിന്റെ പ്രഖ്യാപനം തൊട്ടുപിറകേ വന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് മാസം 2500 രൂപയുടെ പദ്ധതി തേജസ്വി പ്രഖ്യാപിച്ചു. 1.21 കോടി സ്ത്രീകള്‍ ഗുണഭോക്താക്കളാകുന്ന മഹിളാ റോസ്ഗാര്‍ യോജന മുഖ്യമന്ത്രിക്കു വേണ്ടി മോദി തന്നെ പ്രഖ്യാപിച്ചു. മാസം പതിനായിരം രൂപയാണ് ഇതുവഴി സ്ത്രീകള്‍ക്ക് കിട്ടുക. സ്വയം സംരഭങ്ങള്‍ തുടങ്ങാനാണ് ആദ്യ ഗഡു. വിജയകരമായാല്‍ അടുത്ത ഘട്ടമായി രണ്ട് ലക്ഷം രൂപ കിട്ടും.
ഈ പതിനായിരം ഇതിനകം തന്നെ നിതീഷ് സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു. തേജസ്വിയും വിട്ടുകൊടുത്തില്ല. ഉടന്‍ പുതിയ പ്രഖ്യാപനം വന്നു. 85 ലക്ഷം വരുന്ന ഇവിടുത്തെ കുടുംബശ്രീ പോലെ ബിഹാറിലുള്ള ജീവിക കൂട്ടായ്മയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും. ഒറ്റയടിക്ക് 85 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ഗുണം കിട്ടാന്‍ പോകുന്നത്.
അല്‍പ്പം കടന്ന് തേജസ്വിയുടെ പ്രഖ്യാപനം
മറ്റൊരു വമ്പന്‍ പ്രഖ്യാപനം തേജസ്വി നടത്തിയിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി. നിതീഷ് സര്‍ക്കാരിന് വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള പ്രഖ്യാപനം. അത് ലക്ഷ്യം കണ്ടു. പുതിയ വാഗ്ദാനത്തെപ്പറ്റി നിതീഷ് സര്‍ക്കാരിന് മൗനമായിരുന്നു. ബിജെപി വക്താക്കള്‍ ആകെയുള്ള സര്‍ക്കാര്‍ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളുടെ എണ്ണവും നിരത്തി.
ഒരു കുടുംബത്തില്‍ ഒരു ജോലി എന്നത് എത്രമാത്രം അപ്രായോഗികമാണെന്നും ബിഹാര്‍ ആര് ഭരിച്ചാലും അവര്‍ക്ക് നടപ്പാക്കാന്‍ കഴിയാത്തത്ര പണച്ചിലവുള്ളതെന്നും കണക്കുകള്‍ വച്ച് മറുപടി പറയാന്‍ ശ്രമിച്ചു. എന്നാല്‍ ബിഹാര്‍ ജനതയ്ക്ക് തേജസ്വി ദിവാസ്വപ്നം കാണുകയാണെന്നോ തങ്ങളെ വഞ്ചിക്കുകയാണെന്നോ പറയാന്‍ കഴിയില്ല. രണ്ടു തവണയാണ് തേജസ്വി ഉപമുഖ്യമന്ത്രിയായിട്ടുള്ളത്. ആദ്യ വട്ടം 17 മാസം റോഡ് ഗതാഗത വകുപ്പിന്റെ ചുമതലയില്‍ ആയിരുന്നു.
തേജസ്വി വെറുതെ പറയില്ല
രണ്ടാം വട്ടം ഉപമുഖ്യമന്ത്രിയായിരിക്കെ പത്ത് ലക്ഷം തൊഴില്‍ എന്ന വാഗ്ദാനം നടപ്പാക്കിയ നേതാവാണ് തേജസ്വി. അന്ന് നിതീഷ് പോലും അസംഭവ്യമെന്നു കരുതിയ കാര്യം. അത് അന്യനാടുകളില്‍ തൊഴില്‍ തേടുന്ന ബിഹാറികള്‍ക്ക് മറക്കാന്‍ കഴിയുമോ. മാത്രമല്ല വോട്ട് ചോരി പ്രചാരണത്തിലൂടെ തൊഴില്‍ വാഗ്ദാനത്തിന് മറ്റൊരു പ്രാധാന്യം കൂടി കൈവന്നിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ കുടിയേറ്റമുള്ള സംസ്ഥാനമാണ് ബിഹാര്‍. എസ്ഐആര്‍ പരിഷ്കരണം വന്നപ്പോള്‍ 64 ലക്ഷം പേരാണ് ആദ്യം വെട്ടിമാറ്റപ്പെട്ടത്. ഇതില്‍ ഏറിയ കൂറും ജീവിക്കാന്‍ വക തേടി അന്യനാടുകളില്‍ പോയവരായിരുന്നു. അപ്പോള്‍ തൊഴിലും വോട്ടവകാശവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്ന പുതിയ യാഥാര്‍ത്ഥ്യമാണ് ബിഹാര്‍ ജനത അഭിമുഖീകരിക്കുന്നത്.
നാട്ടില്‍ തൊഴില്‍ നല്കാന് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. തൊഴില്‍ അഭയാര്‍ത്ഥികളാക്കി സ്വന്തം ജനതയെ പലായനത്തിന് നിര്‍ബന്ധിക്കുന്നു. എന്നിട്ടോ അതിന്റെ പേര് പറഞ്ഞ് ബിഹാറി അഭിമാനം തന്നെ ഇല്ലാതാക്കി വോട്ടവകാശ പട്ടികയില്‍ നിന്ന് ആട്ടിപ്പുറത്താക്കുന്നു. ബിഹാറിക്ക് ഇനി മുതല്‍ തൊഴില്‍ എന്നാല്‍ വോട്ടവകാശമെന്ന പൗരാവകാശം കൂടിയാണ്. അതു മുന്നില്‍ക്കണ്ടാണ് തേജസ്വിയുടെ ഉഗ്രന്‍ നീക്കം.
വോട്ട് ചോര്‍ത്തുന്ന ബിജെപി തന്ത്രം
തേജസ്വിയുടെ ഈ ചുവടുമാറ്റം നേരിടാന്‍ തന്ത്രപരമായ നീക്കം ബിജെപി നടത്തുന്നത് ചിരാഗ് പാസ്വാനെയും പ്രശാന്ത് കിഷോറിനെയും ആയുധമാക്കിയാണ്. ചിരാഗ് കഴിഞ്ഞ ദിവസം ആര്‍ജെഡിയുടെ എംവൈയെ-മുസ്ലിം, യാദവ്- പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി. തങ്ങളും ലക്ഷ്യമിടുന്നത് എംവൈയെ ആണെന്ന് ചിരാഗ് പറഞ്ഞു. ആരാണ് ചിരാഗിന്റെ എംവൈ. മഹിളയും യുവയും. എന്നുവച്ചാല്‍ സ്ത്രീകളും യുവാക്കളും.
പ്രശാന്ത് കിഷോറും ബിഹാറിന്റെ സ്വതസിദ്ധമായ ജാതിസമവാക്യത്തെ മറികടക്കുന്ന തന്ത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. യുവാക്കളെ അടക്കം ലക്ഷ്യമിട്ട് വികസനവും അനുബന്ധ മുദ്രാവാക്യങ്ങളുമാണ് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. എല്ലാ സീറ്റിലും ജന്‍ സുരാജ് മത്സരിക്കുന്നുമുണ്ട്. ഇതുവഴി തേജസ്വിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ വോട്ട് ഭിന്നിപ്പിക്കാന്‍ ചിരാഗിനും പ്രശാന്ത് കിഷോറിനും കഴിയും. നൂറില്‍ താഴെ മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പോലുമാണ് കഴിഞ്ഞ തവണ എന്‍ഡിഎ പല മണ്ഡലത്തിലും വിജയിച്ചതെന്ന് ഓര്‍ക്കണം.
അവിടെയാണ് പ്രശാന്ത് കിഷോറും ബിജെപിക്ക് നിര്‍ണായകമാകുന്നത്. പിന്നെ പതിവുപോലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ അസദുദീന് ഉവൈസി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ബിജെപിയെ സഹായിക്കും. അങ്ങനെ ബിജെപി എന്‍ഡിഎയ്ക്ക് അകത്തും പുറത്തും മറ്റു പാര്‍ട്ടികള്‍ക്കകത്തും ഒക്കെ കടന്നു കയറിയാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നത്. അവിടെയാണ് ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി എന്ന ചോദ്യവുമായി എന്‍ഡിഎയില്‍ അവിശ്വാസത്തിന്റെ വിത്തു പാകി മഹാസഖ്യം തിരിച്ചടി തുടങ്ങിയിരിക്കുന്നത്. അത് ഫലം കണ്ടു എന്നതിന്റെ തെളിവാണ് മോദിയുടെ ആദ്യ ബിഹാര്‍ റാലി.
തുടരും...
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications