ബിഹാര്‍: വോട്ടില്‍ ഒന്നാമത് ബിജെപി; സിപിഎമ്മിന് എത്ര വോട്ട് കിട്ടി?
പട്‌ന: ജെ ഡി യു നയിച്ച വിശാലസഖ്യത്തെക്കാള്‍ 120 സീറ്റ് കുറവായിരിക്കാം. പക്ഷേ ബിഹാറില്‍ ബി ജെ പിക്കും അമിത് ഷായ്ക്കും ആശ്വസിക്കാന്‍ വകയുണ്ട്. 58 സീറ്റില്‍ ഒതുങ്ങി യ ബി ജെ പിക്കാണ് ബിഹാറില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി ആണ് വോട്ട് കിട്ടിയത് വെച്ച് നോക്കിയാല്‍ രണ്ടാമത്തെ പാര്‍ട്ടി.
7.8 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ബി ജെ പി നയിച്ച എന്‍ ഡി എ, ജെ ഡി യു നയിച്ച വിശാലസഖ്യത്തിനെക്കാള്‍ 120 സീറ്റ് പിന്നിലായിപ്പോയത്. വിശാലസഖ്യം 41.9 ശതമാനം വോട്ട് നേടിയപ്പോള്‍ എന്‍ ഡി എ 34.1 ശതമാനം വോട്ടില്‍ ഒതുങ്ങി. വിശാല സഖ്യത്തിന് കിട്ടിയത് 178 സീറ്റുകള്‍. എന്‍ ഡി എയ്ക്ക് 58ഉം. ബിഹാറിലെ പാര്‍ട്ടി തിരിച്ചുള്ള വോട്ട് ഷെയര്‍ കാണൂ...

തോറ്റാലും ഒന്നാമത്
ബിഹാറില്‍ അടിയുറപ്പുള്ള പാര്‍ട്ടികളെല്ലാം ബി ജെ പിക്ക് എതിരെ തിരിഞ്ഞു. എല്‍ ജെ പിയും മാഞ്ജിയും മാത്രമാണ് കൂടെ നിന്നത്. എന്നിട്ടും 24.9 ശതമാനം വോട്ടുകള്‍ നേടി ഏറ്റവും വലിയ പാര്‍ട്ടിയാകാന്‍ ബി ജെ പിക്ക് കഴിഞ്ഞു.

ലാലു പ്രസാദ് രണ്ടാമത്
കാലിത്തീറ്റ കുംഭകോണത്തില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ലാലു പ്രസാദ് യാദവ് വന്‍ തിരിച്ചുവരവാണ് ഇത്തവണ നടത്തിയത്. 18.4 ശതമാനം സീറ്റുകള്‍ വാങ്ങിയ അവര്‍ ഇക്കാര്യത്തില്‍ രണ്ടാമതാണ്. 80 സീറ്റുകളുമായി ഏറ്റവും വലിയ പാര്‍ട്ടിയാകാനും ലാലുവിന്റെ ആര്‍ ജെ ഡിക്ക് കഴിഞ്ഞു.

നിതീഷ് മൂന്നാമത്
16.8 ശതമാനം വോട്ടുകളാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ ഡി യുവിന്റെ പെട്ടിയില്‍ വീണത്. ബിഹാറിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയും ജെ ഡി യു ആണ്. 71 സീറ്റുകള്‍. ലാലുവും നിതീഷും 101 വീതം സീറ്റുകളിലാണ് മത്സരിച്ചത്.

കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി
ബി ജെ പിയെ തുരത്താന്‍ വിശാല സഖ്യത്തിനൊപ്പം കൂടിയ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കി. മത്സരിച്ച 41 സീറ്റില്‍ അവര്‍ 27ലും ജയിച്ചു. 6.7 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്.

സിപിഎമ്മിനും വോട്ടുണ്ട്
0.4 ശതമാനം വോട്ടുകളാണ് ബിഹാറില്‍ സി പി എമ്മിന് കിട്ടിയത്. 1.4 ശതമാനം വോട്ടുകള്‍ സി പി ഐക്കും കിട്ടി. എന്‍ സി പി 0.4 ശതമാനം, എസ് പി 1.1. ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രമുഖ പാര്‍ട്ടികളുടെ വോട്ട് ശതമാനം.












Click it and Unblock the Notifications