ബിഹാറില്‍ ട്വിസ്റ്റ്! കടുത്ത മത്സരമെന്ന് പുതിയ എക്‌സിറ്റ് പോള്‍, ആര്‍ജെഡി വലിയ ഒറ്റക്കക്ഷിയാകും
പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ഇന്നലെ പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് ഈസി വാക്കോവര്‍ ആയിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെങ്കിലും അത്ര എളുപ്പമായിരിക്കില്ല വിജയം എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിന്റെ പ്രവചനം.
243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് 121-141 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. അതേസമയം പ്രതിപക്ഷമായ മഹാഗത്ബന്ധന്‍ 98-118 സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 43 ശതമാനം വോട്ടും എംജിബിക്ക് 41 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.

എന്‍ഡിഎ സഖ്യകക്ഷികളില്‍ നിതീഷ് കുമാറിന്റെ ജെഡിയു 56-62 സീറ്റുകള്‍ നേടും. തൊട്ടുപിന്നില്‍ ബിജെപി 50-56 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പ്രതീക്ഷിക്കുന്നു. ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി (ആര്‍വി) 11-16 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. ബിജെപിയും ജെഡിയുവും 18 ശതമാനം വോട്ട് വിഹിതം നേടിയേക്കാം എന്നാണ് പ്രവചനം. ഈ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും 101 സീറ്റുകള്‍ വീതം മത്സരിച്ചു.
ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളില്‍, ആര്‍ജെഡി 24% വോട്ട് വിഹിതത്തോടെ 67-76 സീറ്റുകള്‍ നേടുമെന്നും 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കപ്പെടുന്നു. കോണ്‍ഗ്രസ് 10 ശതമാനം വോട്ട് വിഹിതത്തോടെ 17-21 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. ഇടത് പാര്‍ട്ടികള്‍ 5 ശതമാനം വോട്ട് വിഹിതത്തോടെ 10-14 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
മുകേഷ് സഹാനി നയിക്കുന്ന വിഐപി 2 ശതമാനം വോട്ട് വിഹിതത്തോടെ 3-5 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. സംസ്ഥാനത്തെ മൂന്നാം കക്ഷിയാകാന്‍ വന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 4 ശതമാനം വോട്ട് വിഹിതത്തോടെ 0-2 സീറ്റുകളും അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ന് 1 ശതമാനം വോട്ട് വിഹിതത്തോടെ 0-2 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്.
ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിനാണ് ഏറ്റവും കൂടുതല്‍ പിന്തുണ എന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 34 ശതമാനം പേര്‍ അദ്ദേഹത്തിന് അനുകൂലമായി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന് 22 ശതമാനവും ബിജെപിയില്‍ നിന്നുള്ള ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് 14 ശതമാനവും വോട്ടാണ് ലഭിച്ചത്. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 14 ന് ഫലം പ്രഖ്യാപിക്കും.
ചൊവ്വാഴ്ച പുറത്തിറങ്ങിയ മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുമെന്നാണ്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 133 മുതല്‍ 167 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇന്നലെ പുറത്തുവന്ന മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.












Click it and Unblock the Notifications