Bihar Exit Poll: ബിഹാര്‍ തൂത്തുവാരാനാകില്ല... എങ്കിലും എന്‍ഡിഎക്കൊപ്പം തന്നെ
പാട്‌ന: ബിഹാറില്‍ എന്‍ഡിഎക്ക് ജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളിലും സംസ്ഥാനത്ത് ബിജെപി-ജെഡിയു സഖ്യം മികച്ച വിജയം നേടുമെന്നാണ് പ്രവചനം. എന്നാല്‍ കഴിഞ്ഞ തവണത്തെ തിരിച്ചടിയില്‍ നിന്ന് ഇന്ത്യാ സഖ്യം കരകയറുകയും ചെയ്യും. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആകെയുള്ള 40 സീറ്റില്‍ 39 ലും ജയിച്ചിരുന്നു.
ബിജെപി 17 സീറ്റും ജെഡിയു 16 സീറ്റും എല്‍ജെപി 6 സീറ്റും നേടി. എന്നാല്‍ ഇത്തവണ അത്രയും വലിയ ജയം ആവര്‍ത്തിക്കാന്‍ എന്‍ഡിഎ ക്യാംപിന് സാധിക്കില്ല. ഇത്തവണ ബിഹാറിലെ 40 സീറ്റില്‍ 33 ലും എന്‍ഡിഎ ജയിക്കും എന്നാണ് ഇന്ത്യാ ന്യൂസ്-ഡി ഡൈനാമിക്‌സ് സര്‍വേയുടെ പ്രവചനം. എന്നാല്‍ കഴിഞ്ഞ തവണത്തെ ഒരു സീറ്റില്‍ നിന്ന് ഏഴായി ഇന്ത്യാ സഖ്യം നില മെച്ചപ്പെടുത്തും.

ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ എന്‍ഡിഎക്ക് 29-33 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യം ഏഴ് മുതല്‍ 10 വരെ സീറ്റും മറ്റുള്ളവര്‍ പൂജ്യം മുതല്‍ രണ്ട് സീറ്റ് വരേയും നേടിയേക്കാം. ഇന്ത്യാ ടിവി - സിഎന്‍എക്‌സ് സര്‍വേ പ്രകാരം എന്‍ഡിഎ 34-36 സീറ്റും ഇന്ത്യാ സഖ്യം 4-6 സീറ്റും നേടും. ജന്‍ കി ബാത് എന്‍ഡിഎക്ക് 32 മുതല്‍ 37 സീറ്റ് വരേയും ഇന്ത്യാ സഖ്യത്തിന് മൂന്ന് മുതല്‍ എട്ട് സീറ്റ് വരേയുമാണ് പ്രവചിക്കുന്നത്.
ന്യൂസ് നേഷന്‍സ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎക്ക് 31 സീറ്റും ഇന്ത്യക്ക് ഒമ്പത് സീറ്റുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-മാട്രിസ് സര്‍വേയില്‍ എന്‍ഡിഎ 32-37 സീറ്റും ഇന്ത്യ 2-7 സീറ്റും മറ്റുള്ളവര്‍ ഒരു സീറ്റും നേടുമെന്നാണ് പ്രവചനം. റിപ്പബ്ലിക് ടിവി - പി മാര്‍ക്യു സര്‍വേയില്‍ എന്‍ഡിഎക്ക് 37 സീറ്റും ഇന്ത്യാ മുന്നണിക്ക് മൂന്ന് സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ബിഹാറില്‍ നിരവധി പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

കേന്ദ്രമന്ത്രി ആര്‍കെ. സിംഗ് അറായില്‍ നിന്ന് മൂന്നാം തവണയും മത്സരിക്കുന്നു, അവിടെ അദ്ദേഹത്തിന്റെ പ്രധാന എതിരാളി സിപിഐഎംഎല്‍ ലിബറേഷന്റെ സിറ്റിംഗ് എംഎല്‍എയായ സുദാമ പ്രസാദാണ്. പട്ന സാഹിബില്‍, മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് മത്സരിക്കുന്നു. കോണ്‍ഗ്രസ് വക്താവ് അന്‍ഷുല്‍ അവിജിത്താണ് അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മൂത്ത മകള്‍ മിസ ഭാരതിയും ജനവിധി തേടുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ നളന്ദയില്‍, നിലവിലെ എംപി കൗശ്ലേന്ദ്ര കുമാര്‍ ജെഡി(യു) സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ സിറ്റിംഗ് സിപിഐ (എംഎല്‍) എംഎല്‍എയായ സന്ദീപ് സൗരവ് ആണ് പ്രധാന എതിരാളി.












Click it and Unblock the Notifications