ബീഹാറില്‍ സ്ത്രീ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമെന്ന് സര്‍വേ; കാരണമായത് ഈ ഘടകങ്ങള്‍
ബീഹാറിലെ പോളിങ് ബൂത്തുകളിലെ സ്ത്രീകളുടെ നീണ്ട നിര ബിജെപി-ജെഡിയു സഖ്യത്തിന് അനുകൂലമെന്ന് സര്‍വേ ഫലങ്ങള്‍. ഇന്ത്യ ടിവി-മാട്രൈസ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് 65 ശതമാനം സ്ത്രീ വോട്ടര്‍മാര്‍ എന്‍ഡിഎയെ അനുകൂലിക്കുന്നുവെന്നാണ്. 27 ശതമാനം പേരാണ് ആര്‍ജെഡിയുടെ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പിന്തുണച്ചത്. അതേസമയം, ജന്‍ സുരാജ് പാര്‍ട്ടിക്ക് കുറഞ്ഞ പിന്തുണയാണ് ലഭിച്ചത്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ചിന്താഗതിയില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ വലിയൊരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ത്രീ കേന്ദ്രീകൃത ക്ഷേമ പദ്ധതികളില്‍ എന്‍ഡിഎ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സ്ത്രീകളുടെ വലിയ പിന്തുണയ്ക്ക് കാരണമെന്ന് സര്‍വേ ഫലം വിലയിരുത്തുന്നു. വീടുകള്‍ക്ക് സൗജന്യ വൈദ്യുതി യൂണിറ്റുകള്‍, 10 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയിലൂടെ അനുവദിച്ചത്, മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ എന്നിവയും ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി.

10000 രൂപയുടെ ആനുകൂല്യം ബീഹാറിലെ 75 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണ് ലഭിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും നടത്തിയ പ്രഖ്യാപനങ്ങളും വാഗദാനങ്ങളും ഗുണം ചെയ്തു. ആര്‍ജെഡിയുടെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ വലിയ ദുരിതം അനുഭവിച്ചിരുന്നുവെന്ന പ്രചാരണവും ആര്‍ജെഡി തിരിച്ചെത്തിയാല്‍ ജംഗിള്‍രാജ് തിരിച്ചെത്തുമെന്ന മുന്നറിയിപ്പും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എന്നാണ് പ്രവചനം.
ഈ വര്‍ഷം സ്ത്രീകള്‍ക്ക് വോട്ടിങ്ങില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയുന്ന നിരവധി സംരംഭങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. പര്‍ദ ധരിച്ച സ്ത്രീ വോട്ടര്‍മാരെ സഹായിക്കാന്‍ 90,000-ത്തിലധികം വനിതാ വളണ്ടിയര്‍മാരെ നിയോഗിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ ഓരോ പോളിങ് സ്റ്റേഷനിലും 1,200 വോട്ടര്‍മാരായി പരിമിതപ്പെടുത്തി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും മെച്ചപ്പെട്ട പോളിങ് ഉറപ്പാക്കി.
സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തം കൊണ്ടുതന്നെ നവംബര്‍ 14 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമോ അതോ മഹാഗത്ബന്ധന്‍ തിരിച്ചുവരവ് നടത്തുമോ എന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും ബീഹാറില്‍ മികച്ച വോട്ടിങ് പങ്കാളിത്തം രേഖപ്പെടുത്തി. നവംബര്‍ ഏഴിന് നടന്ന ആദ്യ ഘട്ടത്തില്‍ 64.66% പോളിംഗ് രേഖപ്പെടുത്തി. നവംബര്‍ 11 ന് നടന്ന രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം 5 മണി വരെ 67.14% പോളിംഗ് രേഖപ്പെടുത്തി.












Click it and Unblock the Notifications