നിതീഷ് വന്മതിലായി നിന്നു: ബിഹാറില്‍ ഇടിച്ച് കയറാനാകാതെ ഇന്ത്യാ മുന്നണി, എങ്കിലും ആശ്വാസം
പാട്ന: യുപിയില്‍ എന്‍ ഡി എ അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോള്‍ ബിഹാറില്‍ മുന്നണിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റെ കരുത്തിലാണ്. ദേശീയ തലത്തില്‍ ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങു തടിയായി നില്‍ക്കുന്ന ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിന് തന്നെ കാരണക്കാരനായ നേതാവാണ് നിതീഷ്. പട്നയില്‍ ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം വിളിച്ച് ചേർക്കാന്‍ മുന്നിട്ടിറങ്ങിയെങ്കിലും മുന്നണി കണ്‍വീനർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മറുപാളയത്തിലെത്തുകയായിരുന്നു.
ഇതുവരേയുള്ള ഫലപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റുകളില്‍ 32 സീറ്റിലും എന്‍ ഡി എ മുന്നേറുകയാണ്. ഇതില്‍ 14 സീറ്റുകളിലാണ് ജെ ഡി യുവിന്റെ മുന്നേറ്റം. എന്നാല്‍ ബി ജെ പിക്ക് ഇതുവരെ ലീഡ് പിടിക്കാന്‍ സാധിച്ചത് 12 സീറ്റുകളിലാണ്. ബി ജെ പി 17 സീറ്റുകളിലും ജെ ഡി യു 16 സീറ്റുലുമായിരുന്നു മത്സരിച്ചത്. ഒന്നിച്ച് മത്സരിച്ച കഴിഞ്ഞ തവണ 17 സീറ്റുകളില്‍ വീതമായിരുന്നു ഇരുപാർട്ടികളും വിജയിച്ചത്. ഇത്തവണ ഒരു സീറ്റില്‍ കുറവ് മത്സരിച്ചിട്ടും ബി ജെ പിയെ മറികടന്ന് സീറ്റ് നിലയില്‍ മുന്നിലെത്താന്‍ ജെ ഡി യുവിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. എന്‍ ഡി എ നിരയില്‍ എല്‍ ജെ പി 5 സീറ്റുകളിലും ഹിന്ദുസ്ഥാനി ആവാമി മോർച്ച ഒരു സീറ്റിലും മുന്നേറുന്നുണ്ട്.

പ്രതിപക്ഷ നിരയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം ബിഹാറില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ തവണ സംപൂജ്യരായ മുന്നണിക്ക് ഇത്തവണ എട്ട് സീറ്റുകളില്‍ മുന്നേറാന്‍ സാധിക്കുന്നുണ്ട്. ആർ ജെ ഡി 4, കോണ്‍ഗ്രസ് 3, സി പി ഐ എംഎല്‍ 2 എന്നതാണ് പ്രതീക്ഷ നിരയിലെ വോട്ടുനില. ആർ ജെ ഡി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, സി പി ഐ എംഎല്‍, വി ഐ പി, തുടങ്ങിയ പാർട്ടികളാണ് ഇന്ത്യസഖ്യത്തിന് കീഴിലുള്ളത്.
ആർ ജെ ഡി 23, കോണ്‍ഗ്രസ് 9, സി പി ഐ എംഎല്‍ 3, വി ഐ പി 3, സി പി എം 1, സി പി ഐ 1 എന്നിങ്ങനെയായിരുന്നു ഇന്ത്യസഖ്യത്തിന് ഇടയിലെ സീറ്റ് വീതം വെയ്പ്പ്. ആകേയുള്ള 40 സീറ്റില്‍ 30 ന് മുകളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവകാശവാദം. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഇതൊന്നും ഫലിച്ചില്ല. എന്‍ ഡി എ ചേരിയില്‍ ബി ജെ പി 17, ജെ ഡി യു 16, എല്‍ ജെ പി 5, ഹിന്ദുസ്ഥാനി ആവാമി മോർച്ച 1, രാഷ്ട്രീയ ലോക് മോർച്ച 1 എന്നിങ്ങനെയായിരുന്നു മത്സരം.












Click it and Unblock the Notifications