സുല്‍ത്താന്‍ ജീവിതകഥ മോഷ്ടിച്ചത്; 20 കോടി നല്‍കിയില്ല; പരാതിയുമായി യുവാവ്
മുസാഫര്‍പുര്‍: ഇന്ത്യന്‍ സിനിമയിലെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡിലേക്ക് കുതിക്കുന്ന സുല്‍ത്താന്‍ എന്ന സല്‍മാന്‍ ഖാന്‍ സിനിമയ്‌ക്കെതിരെ യുവാവ് കോടതിയില്‍. തന്റെ ജീവിതകഥയാണ് സുല്‍ത്താന്‍ എന്നും 20 കോടി രൂപ തരാമെന്നു പറഞ്ഞശേഷം പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും ബിഹാറിലെ മുസാഫര്‍ സ്വദേശിയായ സബീര്‍ അന്‍സാരി പറയുന്നു.
മുസാഫര്‍പൂര്‍ സിജെഎം കോടതിയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷയ് രാജ് ഫിലിംസ്, സംവിധായകന്‍ ആലി അബ്ബാസ്, സല്‍മാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കംവരെ തന്റെ ജീവിതകഥയാണെന്ന് സബീറിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ സല്‍മാന്‍ തന്നെ സമീപിച്ചിരുന്നു. 20 കോടി രൂപ തരാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് സിനിമ ഇപ്പോള്‍ ചെയ്യുന്നില്ലെന്ന് സല്‍മാന്‍ അറിയിച്ചു. എന്നാല്‍ സുല്‍ത്താന്‍ റിലീസ് ചെയ്തപ്പോഴാണ് അത് തന്റെ കഥയാണെന്ന് മനസിലായതെന്ന് സബീര്‍ പറയുന്നു. സബീറിന്റെ പരാതിയില്‍ കോടതി ജൂലൈ 12ന് വാദം കേള്‍ക്കും.
തുടര്‍ച്ചയായ പത്താം തവണയും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സല്‍മാന്‍ ആമിര്‍ ഖാന്റെ പികെയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കേവലം 3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച സുല്‍ത്താന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 കോടി കടക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications