ഇനി ചുമ്മാ വിവാഹം നടത്താനാവില്ല, പൊലീസിനെ അറിയിക്കണം; പുതിയ നിര്‍ദ്ദേശവുമായി ബീഹാര്‍
പാറ്റ്‌ന: വിവാഹ ആഘോഷങ്ങള്‍ എന്നും സന്തോഷം നിറഞ്ഞതായിരിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് വിവാഹത്തിനിടെ സംഭവിക്കുന്ന ചില അതിരുവിട്ട ആഘോഷങ്ങള്‍ വിലാപങ്ങള്‍ക്ക് കാരണമാകാറുണ്ട്. ആഘോഷം അതിരുവിടുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ പല സ്ഥലത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ ബീഹാറില്‍ വിവാഹചടങ്ങിനിടെ തോക്കില്‍ നിന്നും വെടിയുതിര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ഡ ബീഹാറിലെ പൊലീസ് വകുപ്പ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

വിവാഹ ആഘോഷത്തിനിടെ സംഭവിക്കുന്ന വെടിയുതിര്‍ക്കര്‍ പലര്‍ക്കും പരിക്കേല്‍ക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് പൊലീസിനെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, വിവാഹ മണ്ഡപങ്ങള്‍, ഹാളുകള്‍ എന്നിവയുടെ ഉടമകള്‍ എല്ലാ കോണുകളിലും സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമാക്കിയെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ വീടുകളില്‍ വിവാഹ പാര്‍ട്ടി സംഘടിപ്പിക്കുന്നവരും വിവരം പൊലീസിനെ അറിയിക്കണം. ഇതോടൊപ്പം അവരുടെ കയ്യില്‍ ലൈസന്‍സുള്ള ആയുധങ്ങളുണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ നല്‍കണം. വിവാഹ ചടങ്ങുകള്‍, ജന്മദിന പാര്‍ട്ടികള്‍, വിവാഹ വാര്‍ഷിക പാര്‍ട്ടികള്‍ മുതലായവയില്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 'വെടിവയ്പ്പിനെ തുടര്‍ന്ന് 2022ല്‍ 8 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകെ 99 കേസുകള്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 തോക്കുകള്‍ പിടിച്ചെടുക്കുകയും എട്ട് എണ്ണത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 2023 മെയ് 31 വരെ ഇത്തരം വെടിവയ്പ്പില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 72 പേരെ അറസ്റ്റ് ചെയ്യുകയും 3 ആയുധങ്ങള്‍ പിടിച്ചെടുത്തു'- പൊലീസ് അറിയിച്ചു.












Click it and Unblock the Notifications