ബിജെപിയെ ഞെട്ടിച്ച് എല്‍ജെപി; ബിഹാര്‍ രാഷ്ട്രീയത്തില്‍ ട്വിസ്റ്റ്, മല്‍സരിക്കുമെന്ന് ചിരാഗ് പാസ്വാന്‍
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാധ്യത. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചു. നിലവില്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയാണ് ചിരാഗ്. ഈ സാഹചര്യത്തില്‍ അദ്ദേഹം കേന്ദ്രമന്ത്രി പദവി ഒഴിയുമോ എന്ന ചോദ്യം സജീവമായിട്ടുണ്ട്.
സരണ്‍ ജില്ലയില്‍ എല്‍ജെപി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. ബിജെപി-ജെഡിയു-എല്‍ജെപി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ് ബിഹാര്‍ ഭരിക്കുന്നത്. 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായെങ്കിലും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

243 അംഗ നിയമസഭയാണ് ബിഹാറിലേത്. എല്ലാ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന് ഒരുങ്ങണം. കഠിനമായി അധ്വാനിച്ച് പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മല്‍സരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ അദ്ദേഹം മല്‍സരിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എല്‍ജെപി വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് 1.70 ലക്ഷം വോട്ടിനാണ് ചിരാഗ് പാസ്വാന്‍ ജയിച്ചത്. ആര്‍ജെഡിയുടെ ശിവചന്ദ്ര റാമിനെ പരാജയപ്പെടുത്തിയായിരുന്നു ചിരാഗ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ചിത്രം മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് ജയിച്ചാല്‍ എന്‍ഡിഎ മുന്നണിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിരാഗ് പാസ്വാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും എന്‍ഡിഎ അധികാരത്തിലെത്തുകയും ചെയ്താല്‍ അദ്ദേഹം കേന്ദ്ര മന്ത്രിപദവി രാജിവച്ചേക്കും. സംസ്ഥാനത്ത് മന്ത്രിയാകാനുള്ള സാധ്യതയുമുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ആയതുകൊണ്ടുതന്നെ പ്രധാനപ്പെട്ട വകുപ്പ് നല്‍കേണ്ടി വരും. ഇത് എന്‍ഡിഎ സഖ്യത്തില്‍ മുറുമുറുപ്പിന് ഇടയാക്കും. മാത്രമല്ല, ലോക്‌സഭാംഗത്വം രാജിവയ്‌ക്കേണ്ടി വരികയും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യും.
ഇതെല്ലാം ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം പ്രചാരണവിഷയമാക്കുകയും ചെയ്യും. കേന്ദ്രത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പ്രധാന പാര്‍ട്ടികളിലൊന്നാണ് എല്‍ജെപി. ജെഡിയു, ടിഡിപി എന്നിവരുടെ പിന്തുണയോടെയാണ് കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ജെഡിയുവിനെ പിണിക്കിയുള്ള തീരുമാനങ്ങള്‍ ബിഹാറില്‍ ബിജെപി എടുക്കുകയുമില്ല.
ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം ഇല്ലാതാക്കുമെന്നാണ് ആര്‍ജഡി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണം. താന്‍ ജീവനോടെയുള്ളപ്പോള്‍ അത് സാധ്യമല്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. അതേസമയം, വ്യവസായിയായ ഗോപാല്‍ ഖേംകയുടെ കൊലപാതകത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ചിരാഗ് പാസ്വാന്‍ രംഗത്തുവന്നു. പട്‌നയിലെ സുപ്രധാന സ്ഥലത്താണ് കൊലപാതകം. അപ്പോള്‍ ബിഹാറിലെ ഗ്രാമങ്ങളുടെ അവസ്ത എന്താകുമെന്ന് ഊഹിക്കാമല്ലോ എന്നും ചിരാഗ് പറഞ്ഞു.












Click it and Unblock the Notifications