ബിഹാറില്‍ ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍; 16 ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കും
പട്‌ന: ബിഹാറില്‍ രാഷ്ട്രീയ മാറ്റം ഉറപ്പായി. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ സമയം തേടി. ഉച്ചയ്ക്ക് 12.30ന് അദ്ദേഹം ഗവര്‍ണറെ കാണും. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി ഇവരും ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. പ്രതിപക്ഷമായ മഹാസഖ്യം പ്രത്യേക യോഗം ചേര്‍ന്നിരിക്കുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു....

ഉച്ചയ്ക്ക് 12.30ന് ഗവര്‍ണര്‍ ഫഗു ചൗഹാനെ കാണാന്‍ മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്ന് ജെഡിയു അറിയിച്ചു. അതിനിടെയാണ് ബിജെപി മന്ത്രിമാരും ഗവര്‍ണറെ കാണാന്‍ സമയം തേടിയിരിക്കുന്നത്. ഇവര്‍ രാജിക്കത്ത് നല്‍കാനാണ് ഗവര്‍ണറെ കാണുന്നത് എന്നാണ് വിവരം. നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മ പ്രഖ്യാപിച്ചു.
Recommended Video

നിതീഷ് കുമാര്‍ മഹാസഖ്യത്തിനൊപ്പം വന്നാല്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗം ഷക്കീല്‍ അഹമ്മദ് ഖാനും പറഞ്ഞു. അതേസമയം, ആര്‍ജെഡിക്ക് കുരുക്കിടാനാണ് കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ എറിയുന്നത് എന്ന വാര്‍ത്തകളും വരുന്നുണ്ട്. ബിഹാര്‍ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി ലാലു പ്രസാദിന്റെ ആര്‍ജെഡിയാണ്.

നേരത്തെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദ് ഉപമുഖ്യമന്ത്രിയായിരുന്നു. അതിനിടെയാണ് നിതീഷ് കളംമാറിയതും ബിജെപിക്കൊപ്പം പോയതും. 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് ആര്‍ജെഡിയായിരുന്നു. എന്നാല്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ദയനീയ പ്രകടനം കാഴ്ചവച്ചതോടെ സഖ്യത്തിന് വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

റാബ്രി ദേവിയുടെ വസതിയിലാണ് മഹാസഖ്യത്തിന്റെ എംഎല്‍എമാരുടെ യോഗം നടക്കുന്നത്. കോണ്‍ഗ്രസിന്റെ 19 അംഗങ്ങളും യോഗത്തിനെത്തി. ഇതേ വേളയില്‍ തന്നെയാണ് നിതീഷ് കുമാര്‍ ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം. ഈ യോഗത്തിലാണ് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്.

നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ തിരിച്ചെത്തിയാല്‍ ബിജെപി ഒറ്റപ്പെടും. എന്നാല്‍ നിതീഷിന്റെ വരവ് മഹാസഖ്യത്തില്‍ ഭിന്നതയുണ്ടാക്കുമോ എന്ന ചോദ്യവും ബാക്കിയാണ്. മുഖ്യമന്ത്രിയാര് എന്ന ചോദ്യം മുതല്‍ മന്ത്രിപദവി വീതം വയ്ക്കല്‍ വരെ വലിയ ചര്‍ച്ചയാകും. തേജസ്വി യാദവും നിതീഷ് കുമാറും തമ്മില്‍ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തുമെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉടന്‍ നടക്കും.












Click it and Unblock the Notifications