നിതീഷ് വീണ്ടും മറുകണ്ടം ചാടുമോ? ലാലുവിന്റേത് വെറും തമാശയല്ല... എന്‍ഡിഎയുടെ അന്ത്യമായെന്ന് തേജസ്വി
പാട്‌ന: ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെടുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ വീണ്ടും ഒപ്പം കൂട്ടാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നതായാണ് വിവരം. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലുപ്രസാദ് യാദവ് അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ഇതിന് ആധാരം. നിതീഷ് കുമാറിനായി തങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്നാണ് ലാലു പറഞ്ഞിരുന്നത്.
എന്നാല്‍ ലാലുവിന്റെ ക്ഷണത്തെ തള്ളാനോ കൊള്ളാനോ നിതീഷ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ലാലുവിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് കൈകള്‍ കൂപ്പി, പുഞ്ചിരിച്ച് കൊണ്ട് നിങ്ങള്‍ എന്താണ് പറയുന്നത് എന്ന് മാത്രമാണ് നിതീഷ് കുമാര്‍ മറുപടി പറഞ്ഞത്. ഇതാണ് ബിഹാര്‍ രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നത്.

'നിതീഷ് കുമാറിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ഗേറ്റുകളും തുറന്നിടണം. ഇത് ഇരുവശത്തുമുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കും' എന്നായിരുന്നു ലാലുപ്രസാദ് യാദവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇതിന് പിന്നാലെ ബീഹാറിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ 'ബഡാ ഭായ്, ഛോട്ടാ ഭായ്' എന്ന് വിളിക്കപ്പെടുന്ന രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള മറ്റൊരു സഖ്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പരന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് തവണ ആര്‍ജെഡിയും ജെഡിയും തമ്മില്‍ സഖ്യത്തിലായിട്ടുണ്ട്. 2024 ല്‍ വിശാല പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചതും നിതീഷ് കുമാറായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങി പോകുകയായിരുന്നു. ജെഡിയുവിന്റെ കൂടി പിന്തുണയിലാണ് കേന്ദ്രത്തില്‍ എന്‍ഡിഎ അധികാര തുടര്‍ച്ച നേടിയത്.
അതിനിടെ ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, തന്റെ പിതാവിന്റെ പരാമര്‍ശങ്ങള്‍ 'മാധ്യമങ്ങളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍' നടത്തിയതാണെന്ന തരത്തിലാണ് പ്രതികരിച്ചത്. മാധ്യമങ്ങളുടെ ചോദ്യത്തോട് ഇതല്ലാതെ മറ്റെന്താണ് അദ്ദേഹം പറയുക എന്നും തേജസ്വി ചോദിച്ചു. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അന്ത്യത്തിന് പുതിയ വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
അതസമയം ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലന്‍ സിംഗ് തള്ളി. 'എന്‍ഡിഎ ശക്തമാണ്. ജെഡിയുവും ബിജെപിയും ഒരുമിച്ചാണ്. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ. ഇതൊരു സ്വതന്ത്ര രാജ്യമാണ്,' എന്നായിരുന്നു ലാലന്‍ സിംഗിന്റെ പ്രതികരണം.












Click it and Unblock the Notifications