ബിഹാറിൽ 'മഹാ'പതനം; ആർജെഡി ലീഡ് 40 ൽ താഴെ മാത്രം..തകർന്നടിഞ്ഞ് കോൺഗ്രസ്
ഡൽഹി: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് വൻ തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വെറും 54 സീറ്റുകളിൽ മാത്രമാണ് സഖ്യം ലീഡ് ചെയ്യുന്നത്. ആർ ജെ ഡി അൽപമെങ്കിലും പിടിച്ച് നിന്നപ്പോൾ കോൺഗ്രസ് ദയനീയ തോൽവിയിലേക്ക് അടുക്കുകയാണ്.
പോസ്റ്റൽ വോട്ടുകളിൽ എൻ ഡി എയാണ് ലീഡ് ചെയ്തത്. എന്നാൽ ഇ വി എമ്മിലേക്ക് കടന്നതോടെ മഹാസഖ്യവും എൻ ഡി എയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചു. ഒരു ഘട്ടത്തിൽ ഇരുമുന്നണികളും 100 സീറ്റുകൾ വരെ തൊട്ടു. എന്നാൽ പിന്നീടങ്ങോട്ട് എൻ ഡി എയുടെ വമ്പൻ കുതിപ്പാണ് ബിഹാറിൽ കാണാനായത്. നിലവിൽ 185 സീറ്റിന്റെ ലീഡാണ് എൻ ഡി എയ്ക്കുള്ളത്. മുന്നണിയിൽ 81 സീറ്റുമായി ബി ജെ പി മുന്നേറുമ്പോൾ 80 സീറ്റുമായി ജെ ഡി യുവും തൊട്ട് പിന്നിലുണ്ട്. ചിരാഗ് പസ്വാന്റെ എൽ ജെ പി 22 സീറ്റിലും എച്ച് എ എം എസ് 4 സീറ്റിലും ആർ എൽ എം മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

243 സീറ്റുകളിൽ മഹാസഖ്യത്തിന്റെ ലീഡ് 49 സീറ്റുകളിൽ മാത്രമാണ്. ഇതിൽ ആർ ജെ ഡി 34 സീറ്റിലും കോൺഗ്രസിന് 8 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. സി പി ഐ(എംഎൽ) (ലിബറേഷൻ)ന് 5 സീറ്റും, വി ഐ പിക്ക് 1 സീറ്റും, സി പി ഐക്ക് 1 സീറ്റുമാണുള്ളത്.
2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും 19 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. അതേസമയം, ആർ ജെ ഡിയും ഇടതുപാർട്ടികളും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചു. സിപിഐ(എംഎൽ) (ലിബറേഷൻ) മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു. ഇടതുപക്ഷം മൊത്തത്തിൽ 29 സീറ്റുകളിൽ 16 എണ്ണം നേടി. അന്ന് മഹാസഖ്യത്തന്റെ വിജയം 110 സീറ്റുകളായിരുന്നു. എൻ ഡി എയ്ക്ക് ലഭിച്ചത് 125 സീറ്റുകളും.
ഇത്തവണ കോൺഗ്രസ് 61 സീറ്റുകളിലായിരുന്നു മത്സരിച്ചത്. വോട്ട് ചോരിയും തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമെല്ലാം ആയുധമാക്കി ഇറങ്ങിയിട്ടും കോൺഗ്രസിനേയും രാഹുലിനേയും ഇത്തവണയും ബിഹാർ 'കൈ'വിട്ടു എന്ന് തന്നെയാണ് ഫലം നൽകുന്ന സൂചന.
വോട്ടെണ്ണലിൽ ഗുരുതര ക്രമക്കേടെന്ന് കോൺഗ്രസ്
ബിഹാറിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ്. വോട്ടെണ്ണലിൽ ക്രമക്കേടുകൾ നടന്നുവെന്നും .പ്രാഥമിക റൗണ്ടുകൾക്ക് ശേഷം പല കേന്ദ്രങ്ങളിലും വോട്ടെണ്ണൽ അപ്രതീക്ഷിതമായി മന്ദഗതിയിലായെന്നും കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം ആരോപിച്ചു. വോട്ട് മോഷ്ടിക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്, കൗണ്ടിംഗ് സെൻ്ററുകൾക്ക് ചുറ്റും "സെർവർ വാനുകൾ" കണ്ടു, ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. 'മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടന്നിട്ടുണ്ടെങ്കിൽ, ഇവിടെയും അതു സംഭവിക്കില്ലെന്ന് ആർക്കും ഉറപ്പുപറയാനാവില്ല, പ്രത്യേകിച്ചും പ്രതിപക്ഷത്തിന്', അദ്ദേഹം പറഞ്ഞു.
ബീഹാറിലെ ജനങ്ങളിൽ പ്രകടമായ അതൃപ്തിയുണ്ടായിരുന്നു. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, ആരോഗ്യപരിപാലനത്തിൻ്റെ അഭാവം, തുടർച്ചയായ കുടിയേറ്റം എന്നിവയെല്ലാം ഇതിന് കാരണമായി. ഭർത്താക്കന്മാർ ഉപജീവനത്തിനായി സംസ്ഥാനത്തിന് പുറത്തുപോകാൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ല. യുവാക്കൾ നിരാശരാണ്. ബിജെപി പിന്തുണയോടെയുള്ള 20 വർഷത്തെ ഭരണം അവരെ നിരാശരാക്കി. ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് അറിയാം. പ്രതീക്ഷിച്ച ഫലം വന്നില്ലെങ്കിൽ സ്വാഭാവികമായും ദേഷ്യമുണ്ടാകും', അദ്ദേഹം പറഞ്ഞു. തോൽപ്പിച്ചത് എസ്ഐആർ ആണെന്നും 65 ലക്ഷം വോട്ടുകൾ കാണാനില്ലെന്നും കോൺഗ്രസ് നേതൃത്വം തുറന്നടിച്ചു.












Click it and Unblock the Notifications