സ്കൂളിലേക്ക് പോകുംവഴി അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി യുവതിയുമായുള്ള വിവാഹം നടത്തി
പട്ന: അധ്യാപകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിച്ച് അടുത്തിടെ അധ്യാപകനായി നിയമിതനായ അവ്നിഷ് കുമാറിനെയാണ് ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഒരു കൂട്ടം ആളുകൾ വന്ന് തട്ടിക്കൊണ്ടുപോയത്.
വാഹനങ്ങളിൽ എത്തിയ ഒരു സംഘം അധ്യാപകനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അധ്യാപകനെ കൊണ്ട് യുവതിയുമായുള്ള വിവാഹം നടത്തുകയും ചെയ്തു. അധ്യാപകന് യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാഹം. അധ്യാപകനും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും പറയുന്നു.

അതേ സമയം അവിവാഹിതരായ പുരുഷന്മാരെ ഭീഷണിപ്പെടുത്തി വിവാഹബന്ധത്തിൽ ഏർപ്പെടുത്തുന്ന 'പകദ്വ വിവാഹ'ത്തിന്റെ ഭാഗമായിട്ടുള്ള വിവാഹമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അവ്നാഷിന്റെ ചുറ്റിലും അദ്ദേഹത്തെ പിടിച്ച് വെയ്ക്കാൻ ആളുകൾ ഉണ്ടായിരുന്നു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിതനായ അവ്നിഷിന്റെ അരികിലേക്ക് പരമ്പരാഗത വധുവിൻ്റെ വസ്ത്രത്തിൽ യുവതി വന്നുനിൽക്കുന്നതും യുവതിയുമായി പ്രണയത്തിലാണെന്ന ആരോപണം അവ്നിഷ് നിഷേധിക്കുന്നതും വീഡിയോയിൽ കാണാം.
"എനിക്ക് ആ പെൺകുട്ടിയോട് പ്രണയമില്ല. അവൾ എന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. സംഭവദിവസം ചിലർ എന്നെ സ്‌കോർപ്പിയോ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി. ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ അവർ എന്നെ തല്ലുകയും ബലമായി തട്ടിക്കൊണ്ടുപോവുകയും ചടങ്ങുകൾ നടത്താൻ ശ്രമിക്കുകയും ചെയ്തു" എന്നാണ് അധ്യാപകൻ പറഞ്ഞത്.
എന്നാൽ, പരസ്പര സ്‌നേഹത്തിലാണെന്നും കതിഹാറിലെ അവ്‌നിഷിൻ്റെ വസതിയിലെ പോയിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. "എന്നെ വിവാഹം കഴിച്ച് ഒരു കുടുംബം തുടങ്ങുമെന്ന് അയാൾ വാഗ്ദാനം ചെയ്തിരുന്നു," എന്നും യുവതി പറഞ്ഞു. താൻ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചെന്നും തങ്ങൾ വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവിനാഷ് സമ്മതിച്ചില്ലെന്നും യുവതി പറയുന്നു.
നിർബന്ധിത വിവാഹത്തെത്തുടർന്ന്, യുവതി അവളുടെ കുടുംബത്തോടൊപ്പം രാജൗരയിലെ അവ്‌നിഷിൻ്റെ വീട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും ഇത് പ്രശ്നങ്ങൾക്ക് കാരണമായി. വീട്ടുകാർ തമ്മിൽ വലിയ വഴക്കായി. സംഭവത്തിൽ അധ്യാപകൻ നിയമപരമായി നീങ്ങി.
തട്ടിക്കൊണ്ട് പോയതിനും ശാരീരിക പീഡനം ഏൽപ്പിച്ചുവെന്നും ആരോപിച്ച് അവ്നിഷ് പരാതി നൽകുകയും ചെയ്തു. യുവതിയും പരാതി നൽകിയിട്ടുണ്ട്. അതേ സമയം. മൂന്ന് പതിറ്റാണ്ടിനിടയിൽ ബീഹാറിൽ ഏറ്റവും കൂടുതൽ നിർബന്ധിത വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024-ൽ ആണ്. ഇതിനും മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications