ഹെൽമെറ്റ് ധരിക്കാത്തതിന് തേജ് പ്രതാപിന് 4000 രൂപ പിഴ; നടപടി വീഡിയോ വൈറലായതിന് പിന്നാലെ..
പട്ന: ബിഹാർ മുൻ മന്ത്രിയും ആർ ജെ ഡി നേതാവുമായ തേജ് പ്രതാപ് യാദവിന് ഹോളി ദിനത്തിൽ പട്നയിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഹെൽമെറ്റില്ലാതെ സ്കൂട്ടി ഓടിച്ചതിന് 4000 രൂപ പിഴ ചുമത്തി. വാഹനത്തിന്റെ ഇൻഷൂറൻസ് കാലാവധിയും മലീനീകരണ സർട്ടിഫിക്കറ്റും കാലഹരണപ്പെട്ടു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ട്രാഫിക് പോലീസ് ചലാൻ പുറപ്പെടുവിപ്പിച്ചത്.
ഹോളി ആഘോഷത്തിനിടെ തേജ് പ്രതാപ് ഹെൽമെറ്റില്ലാതെ സ്കൂട്ടി ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തേജ് പ്രതാപ് സ്കൂട്ടിയിൽ നിതീഷ് കുമാറിന്റെ വീട്ടിലേക്ക് പോയി പാൽതൂ ചാച്ച എവിടെ ? എന്ന് ഉറക്ക് വിളിച്ച് പറയുന്നത് കേൾക്കാം. ആർ ജെ ഡിയുമായും കോൺഗ്രസുമായും ബന്ധം വേർപിരിഞ്ഞ് വീണ്ടും ബി ജെ പിയിൽ ചേർന്ന് സർക്കാർ രൂപീകരിച്ച നിതീഷിനെ പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കാണ് പാൽതു എന്നത്.

തേജ് പ്രതാപും നിറങ്ങളിൽ മുങ്ങിയ മറ്റൊരാളും ചേർന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സ്കൂട്ടറിൽ പോകുന്നത് വീഡിയോയിൽ കാണാം. അവർ ഗേറ്റിനടുത്തെത്തിയപ്പോൾ, തേജ് പ്രതാപ് യാദവ് ആവർത്തിച്ച് പറയുന്നത് കേൾക്കാം, " പൽതു ചാച്ചാ എവിടെ? പൽതു ചാച്ചാ എവിടെ എന്ന്. മറ്റ് ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകർ അദ്ദേഹത്തെ പിന്തുടരുന്നതും സവാരി തുടരുമ്പോൾ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം.
ഹോളി ആഘോഷത്തിനിടെ പോലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുന്ന തേജ് പ്രതാപിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് തേജ് പ്രതാപ് പറയുന്നുണ്ട്. പിന്നാലെ തേജ് പ്രതാപിന്റെ നിർദ്ദേശ പ്രകാരം പോലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിലെ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'' ഏയ് കോൺസ്റ്റബിൾ ദീപക് ഞാൻ ഒരു പാട്ട് വെയ്ക്കാം. അതിന് നിങ്ങൾ നൃത്തം ചെയ്യണം. ഇന്ന് ഹോളിയല്ലേ, വേറാെന്നും വിചാരിക്കേണ്ട, നൃത്തം ചെയ്തില്ലെങ്കിൽ ഞാൻ നിന്നെ സസ്പെൻഡ് ചെയ്യും '' എന്നാണ് തേജ് പ്രതാപ് പാട്ട് വെയ്ക്കുന്നതിന് മുൻപ് പോലീസുകാരനോട് പറയുന്നത്. പിന്നാലെ അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ തേജ് പ്രതാപിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.












Click it and Unblock the Notifications