ബിൽക്കിസ് ബാനു കേസ്: കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
ഡൽഹി: 2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ഗുജറാത്ത് സർക്കാരിൽ നിന്നും പ്രതികരണം തേടി. പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ ആണ് കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചത്.. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി. കേസ് ഏപ്രിൽ 18ന് കോടതി വീണ്ടും പരിഗണിക്കും.കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും പ്രതികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. അടുത്ത ഹിയറിംഗിൽ കക്ഷികൾക്ക് ഇളവ് അനുവദിക്കുന്ന പ്രസക്തമായ ഫയലുകൾ സഹിതം തയ്യാറാകാനും ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചു. കേസിൽ വികാരങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും നിയമത്തിന്റെ വഴിയേ പോകൂവെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. നിരവധി പ്രശ്‌നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിഷയം വിശദമായി കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ജനുവരി നാലിന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ബാനോ സമർപ്പിച്ച ഹർജിയും മറ്റ് ഹർജികളും പരിഗണിച്ചു. എന്നാൽ, ഒരു കാരണവും പറയാതെ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറി. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ബിൽക്കീസ് ബാനു ഹരജി നൽകിയത്
ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയിരുന്നത്. 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. തൃണമൂൽ എം.പി മൊഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications