ബിൽക്കിസ് ബാനു കേസ്; 'ശിക്ഷാ ഇളവ് റദ്ദ് ചെയ്ത ഉത്തരവ് പുനഃപരിശോധിക്കണം'..ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ
അഹമ്മദാബാദ്: ബിൽക്കിസ് ഭാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഗുജറാത്ത് സർക്കാർ. പ്രതികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനാണെന്ന് നേരത്തെ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയതാണെന്നും 1992-ലെ ഇളവ് നയം അനുസരിച്ച് പ്രതികളിൽ ഒരാളുടെ ഹർജിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയെന്നും ഹർജിയിൽ കോടതി ചൂണ്ടിക്കാട്ടി.
2022 മെയ് 13ലെ (കോർഡിനേറ്റ് ബെഞ്ചിൻ്റെ) വിധിക്കെതിരെ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാത്തതിൽ ഗുജറാത്ത് സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന നിരീക്ഷണം അനാവശ്യവും കേസിൻ്റെ രേഖയ്ക്ക് വിരുദ്ധവുമാണെന്ന് മാത്രമല്ല,പരാർശം ഗൗരവകരമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി.അതുകൊണ്ട് തന്നെ വിധി പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറകണമെന്ന് ഹർജിയിൽ പറയുന്നു.

ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ച സർക്കാർ നടപടി റദ്ദ് ചെയ്തുകൊണ്ട് ജനവരി എട്ടിനായിരുന്നു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലായിരുന്നു കോടതിയുടെ ഉത്തരവ്. സർക്കാരിന് ഇളവ് നൽകാൻ അധികാരമില്ലെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.വിചാരണ കോടതിയുടെ അനുമതിയോടെ വിചാരണ നടന്ന സംസ്ഥാനത്തിന് മാത്രമാണ് ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളതെന്നും കോടതി പറഞ്ഞു.
നേരത്തേ പ്രതികളിലൊരാൾ സുപ്രീം കോടതിയില്‍ വസ്തുതകള്‍ വെളിപ്പെടുത്തിയില്ലെന്നും ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള 2022 മെയ് മാസത്തെ വിധി വസ്തുതകള്‍ പരിഗണിക്കാതെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് സർക്കാരിനെതിരേയും രൂക്ഷമായി കോടതി വിമർശിച്ചിരുന്നു. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു സുപ്രീം കോടതി കുറ്റപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിലെ പ്രതികളായ ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരെ സർക്കാർ മോചിപ്പിച്ചത്. 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയക്കുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കിയത്.












Click it and Unblock the Notifications