Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണം: എംഎ ബേബി

തിരുവനന്തപുരം: ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്തിലെ ബിജെപി സർക്കാർ തീരുമാനത്തെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും മറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രസംഗിച്ച അന്നു തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാർത്ത പുറത്തുവരുന്നത് എന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. തീരുമാനം തിരുത്താൻ സുപ്രീം കോടതിയുടെ ഇടപെടലും എംഎ ബേബി ആവശ്യപ്പെട്ടു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്: '2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്നു നടന്നത് ബിൽക്കീസ് ബാനുവിൻറെ വീട്ടിലാണ്. ബിൽക്കീസ് അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ഒരു ഇരുപത്തൊന്നുകാരി. അവരുടെ കുടുംബത്തിലെ പതിനാലു പേരെയാണ് ബിൽക്കീസിൻറെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞത്. അവരുടെ മൂന്നുവയസ്സുള്ള മകൾ സലേഹയുടെ തല ഒരു പാറയിലിടിച്ചു ചതച്ചു കൊന്നു. ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാൻ വിട്ടിട്ടാണ് ആ നരാധമർ പോയത്.

tt

നിരവധി പെണ്ണുങ്ങൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഈ കുടുംബത്തിൽ അതിജീവിച്ച പ്രായപൂർത്തിയായ ഏകവ്യക്തി ബിൽക്കീസ് ആയിരുന്നു. ബിൽക്കീസ് ബാനു ഈ കൊടുംക്രൂരതയ്ക്കെതിരെ നീതിപീഠത്തിനു മുന്നിൽ പതറാതെ നിന്നു. ഈ ഹീനകൃത്യം ചെയ്ത എല്ലാവരെയും 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.

ആഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയിൽ പ്രസംഗിച്ച അന്നു തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാർത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാൽ അതിനെതിർദിശയിൽ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണ്. തടവിൽ കിടക്കുന്ന പ്രതികളിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തിൽ ഇളവ് നല്കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സർക്കാരിന്റെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കൽ.

ഈ വിട്ടയയ്ക്കലിനെ ന്യായീകരിച്ചുകൊണ്ട് ഈ പതിനൊന്നു കുറ്റവാളികളെ വിട്ടയയ്ക്കാൻ തീരുമാനിച്ച സമിതിയിലെ അംഗമായിരുന്ന ബിജെപി എംഎൽഎ സി കെ റാവുൾജി പിടിഐയോട് പറഞ്ഞതാണ് ബിജെപിയുടെ മനസ്സിലിരുപ്പ് ശരിക്ക് പുറത്തുവിടുന്നത്, "ഞങ്ങൾ ജയിലറോട് ചോദിച്ചപ്പോൾ പറഞ്ഞത്, തടവിൽ അവരുടെ പെരുമാറ്റം നല്ലതായിരുന്നു എന്നാണ്... കൂടാതെ (ശിക്ഷയനുഭവിക്കുന്നവരിൽ ചിലർ) ബ്രാഹ്മണരാണ്. അവർ നല്ല സംസ്കാരം (മൂല്യങ്ങൾ) ഉള്ളവരാണ്." ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+