'ബില്‍ക്കിസ് ബാനു,പശുസംരക്ഷക കൊല'; ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് തരൂർ
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും പാർട്ടി കേഡർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത് സഹായിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദില്ലി: ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ കോൺഗ്രസ് വ്യക്തമായ നിലപാട് എടുക്കാത്ത നടപടിക്കെതിരെ പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ച് ശശി തരൂർ എംപി. ബില്‍ക്കിസ് ബാനു, പശുവിന്റെ പേരിലുള്ള കൊലപാതകം തുടങ്ങിയ സമാനമായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശബ്ദം ഉയർത്തണമെന്ന് തരൂർ പറഞ്ഞു.

ഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ക്ക് പോറലേല്‍ക്കുമെന്ന് കരുതി ചില വിഷയങ്ങളില്‍ നിലപാട് എടുക്കാതിരിക്കുകയോ ചിലതില്‍ പിന്നോട്ട് നില്‍ക്കുകയോ ചെയ്യുന്ന പ്രവണത ബിജെപിക്ക് ഗുണം ചെയ്യുകയേ ഉള്ളൂ. നമ്മുടെ ബോധ്യത്തിൽ ഉറച്ച് നിൽക്കാനുള്ള ധൈര്യം കാണിക്കണം. ബിൽക്കിസ് ബാനു വിഷയം, ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ കൂടുതൽ ശബ്ദമുയർത്താൻ കോൺഗ്രസ് തയ്യാറാകണമായിരുന്നു.
പിന്തുണയ്ക്കായി നമ്മെ നോക്കി കാണുന്ന ഇന്ത്യന്‍ പൗരന്‍മാരാണ് അവർ. ഇന്ത്യ എല്ലാ ഇന്ത്യക്കാരുടെയും ആണ്. അത്തരം സന്ദർഭങ്ങളിൽ നമ്മൾ ശബ്ദമുയർത്തുന്നില്ലെങ്കിൽ, ഇന്ത്യയുടെ വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊള്ളുക എന്ന നമ്മുടെ ഉത്തരവാദിത്തം നിർവ്വഹിക്കാതെ നമ്മുക്ക് കീഴടങ്ങേണ്ടി വരും. നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വേരുകൾ ശക്തിപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. കോൺഗ്രസ് പോരാട്ടം നടത്തുന്നിടത്തോളമേ ഇന്ത്യയുടെ ഭാവി ശോഭനമാവുകയുള്ളൂവെന്നത് വസ്തുതയാണ്', തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും പാർട്ടി കേഡർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത് സഹായിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേശനത്തിൽ നിന്നും കോൺഗ്രസ് ജോഡോയെന്ന സന്ദേശം നമ്മുക്ക് നൽകാമെന്നും തരൂർ പറഞ്ഞു. സൗജന്യ പൊതുജനാരോഗ്യ സംരക്ഷണം, സാർവത്രിക വിദ്യാലയം, ഉന്നത വിദ്യാഭ്യാസം, പാവപ്പെട്ടവർക്ക് മാന്യമായ അടിസ്ഥാന വരുമാനം, ഉയർന്ന മിനിമം വേതനം, എംജിഎൻആർജിഎ ശക്തിപ്പെടുത്തൽ, എംഎസ്‌പി വർദ്ധിപ്പിക്കൽ, എല്ലാവർക്കും മാന്യമായ പാർപ്പിടം, പട്ടിണി ഇല്ലാതാക്കൽ, തൊഴിലില്ലായ്മ കുറയ്ക്കൽ എന്നിവ ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
നമുക്ക് സാമ്പത്തിക വളർച്ച വേണം എന്നാൽ ആ വളർച്ചയുടെ ഫലം ദരിദ്രരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കണം.നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ നേട്ടങ്ങളും ആസ്വദിക്കാൻ പാവപ്പെട്ടവരെ നാം ഉയർത്തണതെന്നും തരൂർ പറഞ്ഞു.












Click it and Unblock the Notifications