വിലകുറഞ്ഞ റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍...; ഇന്ത്യയെ സവിശേഷമാക്കുന്നത് ഈ കാര്യങ്ങളെന്ന് ബില്‍ ഗേറ്റ്‌സ്
വാഷിങ്ടണ്‍: ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ വളര്‍ച്ചയില്‍ മതിപ്പും അത്ഭുതവും പ്രകടിപ്പിച്ച് ടെക് ബില്യണയറും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്സ്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ബഹിരാകാശത്തും സാങ്കേതിക വിദ്യയിലും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ അദ്ദേഹം അഭിനന്ദിച്ചത്. സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
'സുനിത സുരക്ഷിതയായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ പ്രകടിപ്പിച്ച ക്ഷമ എന്നെ അത്ഭുതപ്പെടുത്തി. അവര്‍ ഒന്നിലും പരാതിപ്പെട്ടില്ല, അത് മഹത്തായ കാര്യമാണ്' - സുനിത വില്യംസിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബില്‍ ഗേറ്റ്സ് പറഞ്ഞു.

ബഹിരാകാശത്തും സാങ്കേതിക വിദ്യയിലും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ബില്‍ ഗേറ്റ്സ് താങ്ങാനാവുന്ന ചെലവില്‍ രാജ്യം ബഹിരാകാശ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ചു. 'ഞാന്‍ ഭൂമിയില്‍ മാത്രം താമസിക്കുന്ന വ്യക്തിയാണ്, പക്ഷേ കാലാവസ്ഥ, കാര്‍ഷിക നിരീക്ഷണം എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ നമുക്കും പ്രയോജനം ചെയ്യുന്നു. ഇന്ത്യയിലെ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വിലകുറഞ്ഞ റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, സെന്‍സറുകള്‍ എന്നിവ സംഭാവന ചെയ്യുന്നു' - ഗേറ്റ്‌സ് പറഞ്ഞു.
ഇന്ത്യ എല്ലാ മേഖലകളിലും സംഭാവനകള്‍ നല്‍കുന്നു. അവര്‍ ഗവേഷണ ബജറ്റുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് താങ്ങാനാവുന്ന ചെലവില്‍ സാധ്യമാക്കുന്നു. പോഷകാഹാരം ഉള്‍പ്പെടെയുള്ള ചില മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങളും ഒരു പങ്കാളിയായി ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
മൈക്രോസോഫ്റ്റിന് ഇന്ത്യ നല്‍കിയ സംഭാവനകളെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചു. ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാദെല്ലയുടെ നേതൃത്വത്തെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'മൈക്രോസോഫ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകളുണ്ട്. ഇന്ത്യക്കാരുടെ കഴിവുകളുടെ ആഴം എനിക്ക് നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ അതിശയകരമായി ജോലി ചെയ്യുന്നു'.
കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യ വളര്‍ച്ചയുടെ വേഗതയേറിയ പാതയിലാണെന്നും കൃഷി, കൃത്രിമബുദ്ധി, രോഗനിര്‍ണയങ്ങള്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഇന്ത്യ മികവ് പുലര്‍ത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, അശ്വനി വൈഷ്ണവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2047 ല്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ വികസിത പാത, ആരോഗ്യം, കൃഷി, നിര്‍മ്മിത ബുദ്ധി (എ.ഐ) തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബില്‍ ഗേറ്റ്സ് അറിയിച്ചു. വരും തലമുറകളുടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിരത എന്നിവയുള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളില്‍ ബില്‍ ഗേറ്റ്‌സുമായി സംസാരിച്ചെന്ന് മോദി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.












Click it and Unblock the Notifications