കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള ബിൽ 29ന് പാർലമെന്റിൽ, ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം
ദില്ലി: മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ നാളെ അംഗീകാരം നല്‍കും. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് നാളെ കേന്ദ്ര മന്ത്രിസഭ യോഗം ചേരുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒറ്റ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ശീതകാല സമ്മേളനം ആരംഭിക്കുന്ന നവംബര്‍ 29ന് സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയതിന് ശേഷം കേന്ദ്ര കൃഷിമന്ത്രാലയം ബില്ലിന് അന്തിമ രൂപം നല്‍കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള ബില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്‌സഭയുടെ മേശപ്പുറത്ത് വെക്കും. കാർഷികോൽപ്പന്ന വ്യാപാര -- വാണിജ്യ നിയമം 2020, കർഷക ശാക്തീകരണ, സംരക്ഷണ നിയമം 2020, അവശ്യ വസ്‌തു നിയമ ഭേദഗതി നിയമം 2020 എന്നീ നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്ന് സമ്മതിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു. ഗുരുനാനാക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. കര്‍ഷകരോട് സമരം അവസാനിപ്പിച്ച് തിരിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമായും പഞ്ചാബ്, പശ്ചിമ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. അടുത്തിടെയാണ് കര്‍ഷക സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് വഴി നിയമപരമായി പിന്‍വലിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കൂ എന്നാണ് കര്‍ഷകര്‍ നിലപാടെടുത്തത്. മാത്രമല്ല വിളകള്‍ക്ക് താങ്ങുവില, കര്‍ഷക സമരത്തിനിടെ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നേരെയുളള കേസ് പിന്‍വലിക്കല്‍ അടക്കമുളള ആവശ്യങ്ങളും സമരക്കാര്‍ക്കുണ്ട്. നവംബർ 29ന് പാർലമെന്റിലേക്ക് ട്രാക്ടർ റാലി അടക്കം നേരത്തെ നിശ്ചയിച്ച സമര പരിപാടികൾ തുടരാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.












Click it and Unblock the Notifications