ഒരിക്കലും പാസാകില്ല; എന്നിട്ടും അമിത് ഷാ മുതിര്‍ന്നു, മന്ത്രിമാര്‍ക്ക് 'കുരുക്കിടുന്ന' ബില്ലിന് പിന്നില്‍
ന്യൂഡല്‍ഹി: എന്തിനായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ കൊണ്ടുവന്നത്. ഭരണഘടനാ ഭേദഗതി, സുപ്രധാന നിയമം എന്നിവ നടപ്പാക്കുമ്പോള്‍ വിദഗ്ധരുടെ അഭിപ്രായം തേടി, നേരത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പകര്‍പ്പ് കൈമാറി വിശദമായ ചര്‍ച്ചയ്ക്ക് കളമൊരുക്കിയാണ് ബില്ല് അവതരിപ്പിക്കുക.
ജയിലില്‍ കിടന്നാല്‍ മന്ത്രിമാരുടെ പദവി തെറിപ്പിക്കുന്ന പുതിയ ബില്ല് പക്ഷേ, ഇത്തരം വഴികള്‍ താണ്ടിയല്ല പാര്‍ലമെന്റില്‍ എത്തിയത്. അഴിമതി വിരുദ്ധ നീക്കം എന്ന പതിവ് പല്ലവിയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നത്. ഭരണഘടനാ വിരുദ്ധം, ഏകാധിപത്യ നയം തുടങ്ങിയ മറുപടികളുമായി പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബില്ല് പാസാക്കാനുള്ള അംഗബലം ബിജെപിക്ക് ഇല്ല. എന്തായിരിക്കും പിന്നെ ഇത്തരമൊരു നീക്കത്തിന് പിന്നില്‍...

ഭരണഘടനയുടെ 130ാം ഭേദഗതി ബില്ലാണ് അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞാല്‍ അയോഗ്യരാക്കുന്നതാണ് ബില്ല്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആരെങ്കിലും കേസെടുക്കുമോ, ബിജെപി മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിക്കുമോ, ലക്ഷ്യം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്ന് പ്രതിപക്ഷ കക്ഷികള്‍ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ബില്ല് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പല മുഖ്യമന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യമുണ്ട്, പല മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുമുണ്ട്. പുതിയ നിയമം വരുന്നതോടെ എല്ലാവരും കൂട്ടത്തോടെ അയോഗ്യരാക്കപ്പെടാനുള്ള സാധ്യതയാണ് പ്രതിപക്ഷം കാണുന്നത്.
ഭേദഗതി നിസാരമല്ല
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ആര്‍ട്ടിക്കിളുകളിലെ ഭേദഗതിയാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നത്. ആര്‍ക്കിട്ടിള്‍ 75, 164, 239എഎ. അഞ്ച് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കേസില്‍ പ്രതിചേര്‍ത്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി എന്നിവര്‍ 30 ദിവസത്തിലധികം തടവില്‍ കഴിഞ്ഞാല്‍ അയോഗ്യരാകും എന്നതാണ് വ്യവസ്ഥ. തടവുകാലം കഴിഞ്ഞ് വീണ്ടും പദവി ഏല്‍ക്കുന്നതിന് തടസമില്ലെന്നും നിയമത്തില്‍ പറയുന്നു.
പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്ത ബില്ലിലെ വ്യവസ്ഥകളില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും ആശങ്കയുണ്ട്. ഭാവിയില്‍ ആര്‍ക്കെതിരെയും ഇത് പ്രയോഗിക്കാം എന്നതാണ് അവരുടെ ആധി. കേസില്‍ പ്രതിയായി എന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലെന്നും കോടതി ശിക്ഷ വിധിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഏതൊരാള്‍ വിചാരിച്ചാലും ആര്‍ക്കെതിരെയും കേസ് കൊടുക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും അവര്‍ പറയുന്നു.
ഭരണഘടനാ ഭേദഗതി ചെയ്യണം എങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം, പകുതി സംസ്ഥാനങ്ങളുടെ പിന്തുണ വേണം. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎക്ക് മതിയായ അംഗങ്ങളുടെ പിന്തുണയില്ല. മാത്രമല്ല, ഇനി ബില്ല് പാസായാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഇതെല്ലാം അറിഞ്ഞിട്ടും എന്താണ് ബില്ല് അവതരിപ്പിക്കാന്‍ അമിത് ഷായെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
ബിജെപിക്ക് അംഗബലം കുറവാണ്
നിലവില്‍ ലോക്‌സഭയില്‍ 542 അംഗങ്ങളാണുള്ളത്. അതായത്, 361 അംഗങ്ങളുടെ പിന്തുണ ലഭിച്ചാലാണ് ബില്ല് പാസാകുക. എന്‍ഡിഎക്ക് 293 അംഗങ്ങളാണുള്ളത്. ഇരുചേരിയിലും പെടാത്ത അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പോലും ബില്ല് പാസാകില്ല എന്ന് ചുരുക്കം. രാജ്യസഭയില്‍ 239 അംഗങ്ങളുണ്ട്. 160 പേരുടെ പിന്തുണ ലഭിച്ചാലേ ബില്ല് രാജ്യസഭ കടക്കൂ. എന്‍ഡിഎക്കുള്ളത് വെറും 132 പേര്‍. അതായത്, ഭേദഗതി പാസാകണം എങ്കില്‍ പ്രതിപക്ഷ പിന്തുണയും വേണം.
പാര്‍ലമെന്റിലെ ഇരുസഭയിലും പ്രമേയം പാസാക്കിയ ശേഷം ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് തീരുമാനം. ലോക്‌സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളുമാണ് സമിതിയിലുണ്ടാകുക. ഇരുസഭകളുടെയും അധ്യക്ഷന്‍മാര്‍ എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള സമിതി രൂപീകരിക്കും. ഇതെല്ലാം നിയമപരമായ ചട്ടങ്ങളുടെ നേരായ വഴി. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശം തള്ളി ബില്ല് നിയമമാക്കിയ സംഭവവും അടുത്തിടെ ഉണ്ടായിട്ടുണ്ട്.
ബിഹാറിലെ വോട്ടര്‍പട്ടിക നവീകരണത്തെ തുടര്‍ന്ന് സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കമാണ് പ്രതിപക്ഷം നടത്തിയത്. ഇത് സാധാരണക്കാരെ സ്വാധീനിക്കാന്‍ പര്യാപ്തമായതാണ്. മാത്രമല്ല, തെളിവ് സഹിതം കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ വ്യാജ വോട്ട് വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത് സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കല്‍ തന്ത്രമാണ് അമിത് ഷാ പയറ്റിയത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ റിമാന്റ് ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പദവി ഒഴിയാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുതിയ ബില്ലിനെ ന്യായീകരിക്കുന്നത്.












Click it and Unblock the Notifications