അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം; ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകള്‍ പിന്‍വലിച്ചു
ന്യൂദല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്ക് പകരമായി അടുത്തിടെ കൊണ്ടുവന്ന ബില്ലുകള്‍ താല്‍ക്കാലികമായി പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. മാറ്റങ്ങളോടെ പുതിയ ബില്ലുകള്‍ ഉടന്‍ കൊണ്ടുവരും എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ബില്ലുകളില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ബില്ല് പിന്‍വലിച്ചത് എന്നാണ് വിവരം. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിന്‍വലിച്ചത്. ഐ പി സി, സി ആര്‍ പി സി (ക്രിമിനല്‍ നടപടി ചട്ടം), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.

പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോട് കൂടിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നത്. ഈ ബില്ലുകളുടെ ശ്രദ്ധ ശിക്ഷയല്ല, നീതി ലഭ്യമാക്കാനാണ് എന്നാണ് ലോക്സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നത്. മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ പി സിയിലെ 22 വകുപ്പുകള്‍ റദ്ദാക്കിയും 175 വകുപ്പുകള്‍ക്ക് മാറ്റം വരുത്തിയും ഒമ്പത് പുതിയ വകുപ്പുകള്‍ ചേര്‍ത്തുമാണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയിരുന്നത്. സി ആര്‍ പി സിയുടെ 9 വകുപ്പുകള്‍ റദ്ദാക്കിയും 107 വകുപ്പുകളില്‍ മാറ്റം വരുത്തിയും ഒമ്പതെണ്ണം പുതിയതായി ചേര്‍ത്തുമാണ് ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയില്‍ രൂപപ്പെടുത്തിയത്.
തെളിവ് നിയമത്തിലെ അഞ്ച് വകുപ്പുകള്‍ റദ്ദാക്കിയും 23 വകുപ്പുകളില്‍ മാറ്റം വരുത്തിയും ഒരു വകുപ്പ് അധികമായി ചേര്‍ത്തുമാണ് ഭാരതീയ സാക്ഷ്യ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മാറ്റങ്ങളോടെ അധികം വൈകാതെ തന്നെ ഈ ബില്ലുകള്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തും എന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ക്രിമിനല്‍ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു.












Click it and Unblock the Notifications