കെജ്രിവാളിന് സമയം നല്‍കി: ബിന്നി സമരം പിന്‍വലിച്ചു
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് നിരാഹാരം സമരം തുടങ്ങിയ എംഎല്‍എ വിനോദ് കുമാര്‍ ബിന്നി സമരം പിന്‍വലിച്ചു. പറഞ്ഞ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി കെജ്രിവാളിന് താന്‍ പത്ത് ദിവസത്തെ സമയപരിധി നല്‍കുന്നെന്നും അതിനുള്ളില്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ബിന്നി പറഞ്ഞു. അണ്ണ ഹസാരെ പറഞ്ഞതുകൊണ്ടാണ് സമരം പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് തിങ്കളാഴ്ച രാവിലെയാണ് ബിന്നി നിരാഹാര സമരം തുടങ്ങിയത്. വൈകിട്ട് മൂന്നരയോടെ സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്തിനും സമാധാനത്തോടെ കുറച്ചു ദിവസം കൂടെ കാത്തിരിക്കാമെന്ന് അണ്ണ ഹസാരെ പറഞ്ഞതുകൊണ്ടാണ് താന്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ബിന്നി അറിയിച്ചു.

വിമത എംല്‍എ ആയിരുന്ന ബിന്നിയെ പുറത്താക്കിയതോടെ എഎപി സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ബിന്നിയെ പുറത്താക്കിയതോടെ കേവല ഭൂരിപക്ഷമായ 36 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിനുള്ളത്. ദില്ലി ലെഫ്റ്റനന്റ് ജനറല്‍ നജീബ് ജങ്കുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിന്നി ദില്ലിയുടെ ഹൃദയഭാഗമായ ജന്ദര്‍ മന്ദറില്‍ നിരാഹാരം ആരംഭിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ബിന്നിയെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ ബിന്നിയും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇത് പരിഹരിച്ചെങ്കിലും വീണ്ടും പാര്‍ട്ടിക്കെതിരെ ബിന്നി രംഗത്ത് വന്നതോടെ പുറത്താക്കുകയായിരുന്നു. ബിന്നി അധികാര മോഹിയാണെന്ന് പാര്‍ട്ടി ആരോപിച്ചു.












Click it and Unblock the Notifications