ബിപോര്‍ജോയ്: രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയും കാറ്റും; ട്രെയിനുകള്‍ റദ്ദാക്കി
ജയ്പൂര്‍: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ കനത്ത മഴ. അതിതീവ്ര ന്യൂനമര്‍ദ്ദം ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടെങ്കിലും രാജസ്ഥാനിന്റെ പലഭാഗങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. രാജസ്ഥാനിലെ ജലോര്‍, സിരോഹി, ബാര്‍മര്‍, ജോധ്പൂര്‍, ജയ്സാല്‍മീര്‍ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയായിരുന്നു.
രാജസ്ഥാന്റെ തെക്ക് - പടിഞ്ഞാറന്‍ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കും. കിഴക്കന്‍ രാജസ്ഥാനില്‍ തിങ്കളാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തെക്ക്-കിഴക്കന്‍ രാജസ്ഥാനില്‍ ഞായറാഴ്ച വരെ ശക്തമായ മഴ ലഭിക്കും. ഇത് ക്രമേണ കനത്ത മഴയായി മാറുകയും ചൊവ്വാഴ്ച വരെ തുടരുകയും ചെയ്യും.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 14 ട്രെയിനുകള്‍ റദ്ദാക്കി. മുന്‍കരുതല്‍ നടപടിയെന്നോണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമാകും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാജസ്ഥാന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.
ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിയും മിന്നലുമായി സാമാന്യം വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡില്‍ ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ദൃശ്യമാകും. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കും. ജൂണ്‍ 18 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും രണ്ട് ദിവസം ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. പശ്ചിമ ബംഗാളിന്റെ ഹിമാലയന്‍ മേഖലയില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ ലഭിക്കും. സിക്കിം, അസം, മേഘാലയ എന്നിവിടങ്ങളില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അതിനിടെ ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ വിജയകരമായി നേരിടാന്‍ ഗുജറാത്തിന് സാധിച്ചെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. അശ്രാന്തമായി പ്രവര്‍ത്തിച്ചതിന് എല്ലാ ഏജന്‍സികള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും മറ്റ് ഏജന്‍സികളും അക്ഷീണം പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications