ത്രിപുരയിൽ വിപ്ലവമായി ബിജെപി; മുഖ്യനാകാൻ ബിപ്ലബ്, ആരാണീ ബിപ്ലബ്??
ദില്ലി: ഒരു സാധാരണക്കാരന് എവിടെ വരെ എത്താന്‍ പറ്റും? ചോദ്യം സാധാരണക്കാരോടെങ്കില്‍ ഇങ്ങനെയൊക്കെ ജീവിച്ച് പോകുന്നത് തന്നെ സന്തോഷം എന്ന് മറുപടി പറയും. നമ്മുടെ കെആര്‍ നാരായണന്‍ മുതല്‍ മിസൈല്‍ മാന്‍ ആയി മാറിയ സാക്ഷാല്‍ എപിജെ. അബ്ദുള്‍ കലാം വരെയുള്ളവര്‍ ഉദാഹരണമായി മുന്നില്‍ നില്‍ക്കുമ്പോഴും വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ അത്തരമൊരു പാതയിലൂടെ സഞ്ചരിച്ചാണ് വിപ്ലവം സൃഷ്ടിച്ച് ബിജെപി അധികാരം പിടിച്ച ത്രിപുരയില്‍ ബിപ്ലബ് കുമാര്‍ ദേബ് നിയുക്ത മുഖ്യമന്ത്രിയായി നിലയുറപ്പിച്ചത്.
ഒരു സാധാരണ ആര്‍എസ്എസ് സ്വയംസേവകനായി പ്രവര്‍ത്തിച്ച ബിപ്ലബ് പിന്നീട് ദില്ലിയില്‍ പ്രൊഫഷണല്‍ ജിം പരിശീലകനായിരുന്നു. ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ കോട്ട തകര്‍ത്ത് ബിജെപി 35 സീറ്റ് നേടിയപ്പോള്‍ അതില്‍ ബിപ്ലബിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ദില്ലിയിലേക്ക് എത്തിയതോടെയാണ് ഇദ്ദേഹം ജിം പരിശീലകനായി മാറുന്നത്. മധ്യപ്രദേശിലെ സത്‌ന ലോക്‌സഭാ എംപി ഗണേഷ് സിംഗിന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു.

2016-ലാണ് പ്രസിഡന്റായി ബിപ്ലബ് ദേബിനെ പാര്‍ട്ടി ത്രിപുരയില്‍ അവരോധിക്കുന്നത്. അവിടെ നിന്നും ഒരു വിപ്ലവ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിക്കുമ്പോള്‍ ത്രിപുരയിലെ ബിജെപി ഇന്‍ചാര്‍ജ്ജ് സുനില്‍ ദിയോധറും ശക്തമായി പിന്നിലുണ്ടായിരുന്നു. ആര്‍എസ്എസ് സൈദ്ധാന്തിക ആചാര്യന്‍ കെഎന്‍ ഗോവിന്ദാചാര്യ ഗുരുവുമായി. ത്രിപുരക്കാരനായ ഒരാളെ ഇറക്കുകയെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് ബിപ്ലബിലൂടെ വിജയിച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും, നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിയുടെ വഴികാട്ടിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹിമന്ത ബിസ്വ ശര്‍മ്മയും നിയുക്ത മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. പാര്‍ലമെന്റ് ഹൗസ് എസ്ബിഐ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജറാണ് ദേബിന്റെ ഭാര്യ.












Click it and Unblock the Notifications