ബിജെപി ത്രിപുരയിൽ അധികാര തുടർച്ച നേടും, സ്ത്രീകളുടെ പോളിംഗ് ശതമാനം ഉയർന്നത് അതിന്റെ സൂചനയെന്ന് ബിപ്ലവ് ദേബ്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഇത്തവണയും ബി ജെ പി അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേവ്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനത്തിലെ വർധനവ് ഇതിന്റെ സൂചനായണെന്നും ബിപ്ലവ് അഭിപ്രായപ്പെട്ടു. ത്രിപുരേശ്വരി ക്ഷേത്രം സന്ദർശിച്ച പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിപ്ലവ്.

കേവല ഭൂരിപക്ഷം ലഭിക്കും
'ബി ജെ പിക്ക് ഇത്തവണയും ശക്തമായ ഭൂരിപക്ഷം ലഭിക്കും. സ്ത്രീകളുടെ പോളിംഗ് ശതമാനം പുരുഷൻമാരുടേതിനേക്കാൾ മൂന്ന് ശതമാനം ഉയർ്നിരുന്നു. പുതിയ വോട്ടർമാരുടേയും സ്ത്രീകളുടേയും പിന്തുണ ലഭിച്ചത് ബി ജെ പിക്കാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്', ബിപ്ലവ് ദേവ് പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി ബി ജെ പി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടിയുള്ള സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും ബിപ്ലവ് അവകാശപ്പെട്ടു.ഏകദേശം 4.20 ലക്ഷം സ്ത്രീകളാണ് സെൽഫ് ഹെൽപ് ഗ്രൂപ്പുകളുടെ ഭാഗമായി പ്രവർത്തിച്ചതെന്നും ബിപ്ലവ് പറഞ്ഞു.

55 സീറ്റുകളിലായിരുന്നു ഇത്തവണ ബി ജെ പി മത്സരിച്ചത്
അതേസമയം ഫലം വരാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ബിജെപിയുടെ നേതൃത്വത്തിൽ ത്രിപുരയിൽ പ്രത്യേക യോഗം ചേർന്ന് വോട്ടുകണക്കുകൾ വിലയിരുത്തി. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയായിരുന്നു യോഗം നടത്തിയത്. 60 ൽ ൽ 55 സീറ്റുകളിലായിരുന്നു ഇത്തവണ ബി ജെ പി മത്സരിച്ചത്. അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ ഇന്റീജീനയിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും മത്സരിച്ചു. തിരഞ്ഞെടുപ്പിൽ ഇത്തവണയും ബി ജെ പി വലിയ ഭൂരിപക്ഷം നേടുമെന്നാണ് പാർട്ടിയുടെ അവകാശവാദം.

ജനവിധി തീർച്ചയായും ബി ജെ പിക്ക് എതിരായിരിക്കും
അതേസമയം ബി ജെ പിയെ തള്ളുകയാണ് സി പി എം -കോൺഗ്രസ് സഖ്യം. ബി ജെ പി ഒറ്റസംഖ്യയിലേക്ക് ഒതുങ്ങുമെന്നും കോൺഗ്രസ്-സി പി എം സഖ്യം മികച്ച ഭൂരിപക്ഷത്തിൽ തന്നെ സംസ്ഥാന ഭരണം പിടിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ജനവിധി തീർച്ചയായും ബി ജെ പിക്ക് എതിരായിരിക്കും. സമാധാനത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും അനുകൂലമാകുന്ന വിധിയായിരിക്കും ഉണ്ടാകുകയെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു. പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 20 സീറ്റുകളിൽ ഇടതുമുന്നണിക്ക് കുറച്ച് സീറ്റുകൾ ലഭിക്കുമെങ്കിലും മറ്റ് ചിലർക്ക് കൂടുതൽ സീറ്റ് ലഭിച്ചേക്കുമെന്ന് പ്രദ്യോത് ദേബ് ബർമ്മന്റെ തിപ്ര മോത്തയുടെ പേര് പരാമർശിക്കാതെ ജിതേന്ദ്ര ചൗധരി പറഞ്ഞു.

ഉയർന്ന പോളിംഗ് ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്
ഇത്തവണ ഉയർന്ന പോളിംഗ് ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 89.95 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്ങിംഗ്. കഴിഞ്ഞ തവണ 89.8 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി തിരഞ്ഞടുപ്പിനിടെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ വലിയ അക്രമണസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ 22 കേസുകളിലായി കുറഞ്ഞത് 30 പേരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ത്രിപുരയിൽ ഇത്തവണ ബി ജെ പിക്ക് ഭരണം നിലനിർത്താനായാൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി ജെ പിക്ക് ലഭിക്കുന്ന ആവേശം ചെറുതായിരിക്കില്ല. അതേസമയം കോൺഗ്രസ്-സി പി എം സഖ്യത്തിന് ഭരണം നേടാൻ ആയാൽ 2024 ന് മുൻപ് പ്രതിപക്ഷ ഐക്യത്തിന് അത് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications