മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ക്ക് ഇനി ബിഐഎസ് സര്‍ട്ടിഫിക്കറ്റ് വേണം; കേന്ദ്രത്തിന്റെ ഉത്തരവ്

സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡുകളുടെ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത, നിലവാരമില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തും. പുതിയ ഉത്തരവ് പ്രകാരം, 2027 ഏപ്രില്‍ മുതല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2027 ഏപ്രില്‍ 1 മുതല്‍, ഇന്ത്യയില്‍ വില്‍ക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ബിഐസിന്റെ ഐഎസ് 19348:2025 എന്ന മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും ബാധ്യസ്ഥരാണ് എന്ന് കേന്ദ്രം വ്യക്തമാക്കി.

BIS Certificate For Smart Phone Screen Guard

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ അഥവാ ഗാര്‍ഡുകള്‍ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ചട്ടക്കൂടിന് കീഴിലുള്ള നിശ്ചിത ഇന്ത്യന്‍ മാനദണ്ഡം പാലിക്കണം എന്നാണ് ഈ പുതിയ ഉത്തരവ് അര്‍ത്ഥമാക്കുന്നത്. 2027 ഏപ്രില്‍ 1-ന് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും തയ്യാറെടുപ്പുകള്‍ക്കായി ആറ് മാസത്തിലധികം സാവകാശം ലഭിക്കും.

സ്‌ക്രീന്‍ പ്രൊട്ടക്ടറായി ഉപയോഗിക്കുന്ന ഗ്ലാസ് വലിപ്പം, ഗ്ലാസിന്റെ ബലം, ഉപരിതല നിലവാരം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും പ്രകാശം കടന്നുപോകുന്നതിനുള്ള ശേഷി, ദൃശ്യമായ തകരാറുകള്‍ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പശ, പൊട്ടിച്ചിതറുന്നത് തടയുന്ന ഫിലിം, ഒലിയോഫോബിക് കോട്ടിംഗ്, ആന്റി-ഗ്ലെയര്‍, ബ്ലൂ-ലൈറ്റ് ഫില്‍ട്ടറിംഗ്, പ്രൈവസി ഫിലിമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

നിര്‍മ്മാതാവ്, ബാച്ച് നമ്പര്‍, കനം തുടങ്ങിയ പ്രധാന വിവരങ്ങള്‍ പാക്കേജിംഗില്‍ രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ മികച്ച ഗുണനിലവാരമുള്ള സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ലഭ്യമാകാന്‍ പുതിയ നിയമങ്ങള്‍ സഹായിക്കും. നിലവില്‍, പ്രശസ്തമായ ബ്രാന്‍ഡുകള്‍ മുതല്‍ വിലകുറഞ്ഞതും ബ്രാന്‍ഡ് പേരില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ വരെ വിവിധ വിലനിലവാരത്തിലുള്ള സ്‌ക്രീന്‍ ഗാര്‍ഡുകളും ടെമ്പേര്‍ഡ് ഗ്ലാസ് പ്രൊട്ടക്ടറുകളും വിപണിയില്‍ ലഭ്യമാണ്.

പുതിയ ചട്ടങ്ങള്‍ പ്രകാരം, ഈ ഉല്‍പ്പന്നങ്ങള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും ബാധ്യസ്ഥരാണ്. അതേസമയം സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് വില കൂടാന്‍ പുതിയ തീരുമാനം വഴിവെച്ചേക്കുമെന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും ഈ വിജ്ഞാപനം പ്രത്യേക വില വര്‍ധനവിനെക്കുറിച്ചോ നിലവിലുള്ള സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉടന്‍ തന്നെ വില്‍പ്പനയില്‍ നിന്ന് പിന്‍വലിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma