മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണെന്ന് മാര്‍ ജോസഫ് പാംപ്ലാനി, 'ഗുജറാത്ത് കലാപത്തിന്റെ പതിപ്പ് പോലെ'
മണിപ്പൂരില്‍ തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരില്‍ വംശഹത്യയാണ് നടക്കുന്നതെന്ന് മാര്‍ ജോസഫ് പാംപ്ലാനി ആരോപിച്ചു. സൈന്യത്തെ പോലും തടഞ്ഞ് വെച്ചുളള കലാപം എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു നിഗൂഢകലാപ ശ്രമമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ബിഷപ്പ് പ്രതികരിച്ചു.
''ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല. ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അതുറപ്പ് വരുത്തുക എന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്''.

''ആ കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി ഏതൊക്കെ കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. പ്രതികരണത്തേക്കാളുപരി വേണ്ടത് ശരിയായ ഇടപെടലിലൂടെ നാട്ടില്‍ സമാധാനം കൊണ്ടുവരണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
''പ്രധാനമന്ത്രി അമേരിക്കയില്‍ സെനറ്റര്‍മാരെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞു, ഇന്ത്യയെന്ന രാജ്യത്ത് യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ല എന്ന്. പ്രധാനമന്ത്രിയുടെ ആ പ്രസ്താവന സത്യസന്ധമാണെങ്കില്‍ അത് വിശ്വസിപ്പിക്കേണ്ടത് മണിപ്പൂരില്‍ കഠോരമായ പീഡനങ്ങള്‍ക്ക് വിധേയരായി, വീടും ആരാധനാലയവും ഉറ്റവരുടെ ജീവനും നഷ്ടപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ക്രിസ്ത്യാനികളെയാണ്''.
''മണിപ്പൂരില്‍ സേവനം ചെയ്യുന്നവരില്‍ കൂടുതലും കേരളത്തില്‍ നിന്നുളള മിഷണറിമാരാണ്. അവരില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ക്രൈസ്തവ ആലയങ്ങളെയും വീടുകളേയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സാഹചര്യമാണുളളത്. മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തി. പോലീസും പട്ടാളവും ഉപയോഗിക്കുന്ന ആയുധങ്ങളാണ് കലാപകാരികളുടെ പക്കലുളളത്''. ഭരണകൂടത്തിന്റെ മൗനാനുവാദം ഇവര്‍ക്കുണ്ടെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും ബിഷപ്പ് പാംപ്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിഷപ്പ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ ഇതൊരു വംശഹത്യയായി പരിണമിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ നടന്ന കലാപത്തിന്റെ പതിപ്പ് പോലെയായി തീര്‍ന്നിരിക്കുന്നു മണിപ്പൂരിലെ കലാപമെന്നും ബിഷപ്പ് പാംപ്ലാനി ആരോപിച്ചു.
വളരെ ആസൂത്രിതമായ കലാപനീക്കം സംഭവിച്ചിട്ടുണ്ട്. അതിന് പിന്നിലുളളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവോ എന്നുളള ആശങ്ക പൊതുസമൂഹത്തിനുണ്ടാകുമെന്നും ബിഷപ്പ് പ്രതികരിച്ചു. ഏക സിവില്‍ കോഡിനെതിരെയും പാംപ്ലാനി പ്രതികരിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊളളണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications