മഹുവയെ ലോക്സഭയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് ബിജെപിയും കോണ്‍ഗ്രസും ചേർന്ന്: എംവി ജയരാജന്‍
കണ്ണൂർ: ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് അംഗം മെഹുവ മൊയ്ത്രയ്ക്കെതിരായ നടപടിയില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. കോഴവാങ്ങി ലോകസഭയിൽ ചോദ്യമുന്നയിച്ചു എന്ന ആക്ഷേപത്തെ തുടർന്ന് മെഹുവ മൊയ്ത്രയെ ലോകസഭയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ എത്തിക്‌സ് ഇല്ലാത്ത ബി ജെ പിയുടെയും കോൺഗ്രസ്സിന്റെയും കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

നാലിനെതിരെ 6 വോട്ടിനാണ് പുറത്താക്കൽ പ്രമേയം ലോകസഭയുടെ എത്തിക്‌സ് കമ്മിറ്റി പാസ്സാക്കിയത്. 2000 മെയ് 16ന് ലോകസഭ എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചശേഷം ആദ്യമായാണ് ഒരംഗത്തെ പുറത്താക്കാൻ തീരുമാനിക്കുന്നത്. അതാകട്ടെ കോൺഗ്രസും ബി ജെ പിയും ഒന്നിച്ചതിനെ തുടർന്നാണ് താനും. പഞ്ചാബിലെ കോൺഗ്രസ് അംഗം പ്രമേയത്തെ എതിർത്തിരുന്നുവെങ്കിൽ തുല്യനിലയാണുണ്ടാവുക. സി പി എം ഉൾപ്പെടെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ പുറത്താക്കൽ നടപടിയെ എതിർത്തപ്പോൾ പ്രതിപക്ഷത്തുള്ള കോൺഗ്രസ് ബി ജെ പിയോടൊപ്പം ചേർന്നു. രാഷ്ട്രീയ എത്തിക്‌സ് ഇല്ലാത്ത കോൺഗ്രസ്സിന് എങ്ങനെ ബി ജെ പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസഹായം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ആകെ വരുമാനത്തിന്റെ 40.8 ശതമാനവും ബി ജെ പി ഭരിക്കുന്ന 35.7 ശതമാനവും നൽകുമ്പോൾ കേരളത്തിന് 18 ശതമാനം മാത്രമാണ്. 2022ൽ കേന്ദ്ര റവന്യൂ സഹായം 43000 കോടി രൂപയായിരുന്നുവെങ്കിൽ 2023ൽ 40000 കോടി രൂപയായി അത് കുറച്ചു. വായ്പാപരിധി വെട്ടിക്കുറച്ചപ്പോൾ 2023ൽ സംസ്ഥാനത്തിന് 20000 കോടി രൂപയാണ് വരുമാനം കുറഞ്ഞത്.
ജി എസ് ടി. നഷ്ടപരിഹാരം 12000 കോടിയും റവന്യൂ കമ്മി ഗ്രാന്റിനത്തിൽ 8400 കോടിയും നികുതി വിഹിതം 18000 കോടിയും കേരളത്തിന് വെട്ടിക്കുറച്ചതിനെതിരെ ഒരക്ഷരം ഉരിയാടാത്ത കോൺഗ്രസ് എംപിമാരാണ് സംസ്ഥാനത്തുള്ളത്. കേന്ദ്രത്തിന്റെ കടം 156 ലക്ഷം കോടിയായി യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയർന്നുവെന്നും എംപി ജയരാജന്‍ വ്യക്തമാക്കി.
ബി ജെ പി അധികാരത്തിൽ വന്നതിന് ശേഷമുള്ള 9 വർഷത്തെ മാത്രം കടം 100 ലക്ഷം കോടിയിലേറെ രൂപയാണ്. സ്വാതന്ത്ര്യത്തിന് ശേഷം 67 വർഷത്തെ കടം 55 ലക്ഷം കോടി മാത്രമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കടമാവട്ടെ 76 ലക്ഷം കോടിയും. ഇത്തരം വിവേചനങ്ങൾക്കെതിരെയെങ്കിലും ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകേണ്ടതല്ലേ? എന്നാൽ ഇതിൽ മൗനവും, എൽ ഡി എഫിനെതിരെ സമരവും. കോൺഗ്രസ്സിന്റെ നെറികെട്ട നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications