'ബിജെപിയും ഡിഎംകെയും കെജി കുട്ടികളെ പോലെ വഴക്കിടുന്നു; രണ്ട് കൂട്ടരേയും പുറത്താക്കണം'; വിജയ്
ചെന്നൈ: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രവും സംസ്ഥാനവും വിഷയത്തിൽ ഒത്തുകളിക്കുകയാണെന്നും വിജയ് ആരോപിച്ചു. ടിവികെ രൂപീകരണത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു വിജയ്.
'ഒരാൾ പാട്ട് പാടുമ്പോൾ, മറ്റൊരാൾ നൃത്തം ചെയ്യുകയാണ്. പക്ഷെ രണ്ടും ഒരേ സ്വരത്തിലാണ്, രണ്ട് കൂട്ടരും കാര്യങ്ങൾ ഒരുപോലെ നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. അതേസമയം സാധാരണക്കാരുടെ പ്രശ്നങ്ങൾ പൂർണമായി അവഗണിക്കപ്പെടുകയാണ്, അവരെ കേൾക്കാൻ ആരുമില്ല', വിജയ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ ഫണ്ട് നൽകില്ലെന്ന കേന്ദ്രനയത്തിനെതിരേയും വിജയ് ആഞ്ഞടിച്ചു. 'എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണ് കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ തർക്കുന്നത്. സംസ്ഥാനത്തിന് ഫണ്ട് നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അത് നേടിയെടുക്കുകയെന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഈ വലിയ പ്രശ്നത്തിനിടയിൽ ബി ജെ പിയും ഡി എം കെയും ഹാഷ് ടാഗ് ഇട്ട് കളിക്കുകയാണ്.
ആത്മാഭിമാനം ഉള്ളവരാണ് തമിഴ് ജനത. ഒരു ഫെഡറൽ സംവിധാനത്തിൽ എങ്ങനെയാണ് ഒരു ഭാഷ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ സാധിക്കുക', വിജയ് ചോദിച്ചു. 1967 ലേയും 77 ലേയും തിരഞ്ഞെടുപ്പ് തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലത്തെ ഹിന്ദി ഭാഷ വിവാദം എങ്ങനെ സ്വാധീനിച്ചുവെന്നതും വിജയ് ചൂണ്ടിക്കാട്ടി. 1967 ൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി ഉയർത്താനുള്ള നീക്കം നടതിയിരുന്നു. ഇതിനെതിരെ അന്ന് വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. തുടർന്ന് കോൺഗ്രസിന് സംസ്ഥാന ഭരണം നഷ്ടമാണ്. 1977 ലും സമാനവിഷയം കോൺഗ്രസിന് തിരിച്ചടി തീർത്തിരുന്നു.
അതേസമയം തമിഴ്നാട്ടിൽ പ്രധാനശക്തിയായി തമിഴ് വെട്രി കഴകം വളരുകയാണെന്നും വിജയ് അവകാശപ്പെട്ടു. 'പ്രത്യയശാസ്ത്ര തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ചരിത്രം സൃഷ്ടിക്കാനുള്ള ഉറച്ച പ്രതിബദ്ധതയോടെയാണ് ഞങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രധാന കക്ഷിയായി വളരുന്നത്. ഇത് മറ്റൊരു തലത്തിലുള്ള രാഷ്ട്രീയമാണ്. ആര് എപ്പോൾ പിന്തുണയ്ക്കും ആര് എപ്പോൾ എതിർക്കും എന്ന് ഇപ്പോൾ നിർവചിക്കാനാകില്ല. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ല', വിജയ് പറഞ്ഞു.
ടിവികെയുടെ'#GetOut' ഹാഷ്ടാഗിന് കീഴിൽ തമിഴ്നാട്ടിലെ വോട്ടർമാർ അണിനിരക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. സംസ്ഥാനം ഭരിക്കുന്ന ഡി എം കെയേയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയേയും പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.












Click it and Unblock the Notifications