ബിജെപിയും കോണ്‍ഗ്രസും തുല്യ അപകടകാരികളല്ല, എങ്കിലും കോണ്‍ഗ്രസുമായി സഖ്യമില്ല; സിപിഎം
ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമാവില്ലെന്ന് സി പി ഐ എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. ബി ജെ പിയെയും കോണ്‍ഗ്രസിനെയും തുല്യ അപകടകാരികളായി കാണാന്‍ പറ്റില്ലെങ്കിലും അധികാരവര്‍ഗ താല്‍പര്യമുള്ള നവലിബറല്‍ നയക്കാരാണ് കോണ്‍ഗ്രസെന്നാണ് കരടില്‍ പറയുന്നത്. ബി ജെ പിയെ പരാജയപ്പെടുത്തലാണ് സി പി ഐ എമ്മിന്റെ മുഖ്യലക്ഷ്യം. ദുര്‍ബലരായ കോണ്‍ഗ്രസിന് പ്രതിപക്ഷ മതേതര പാര്‍ട്ടികളെ അണിനിരത്താന്‍ ശേഷിയില്ലെന്നും മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ഹിന്ദുത്വ ശക്തികളുമായി വിട്ടുവീഴ്ച ചെയ്യുന്നതാണ് കാണുന്നതെന്നും സി പി ഐം എം പറയുന്നു.
ഹൈദരാബാദില്‍ നടന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് പ്രമേയം വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരസ്യപ്പെടുത്തിയത്. വര്‍ഗീയതയ്ക്കും ഹിന്ദുത്വ അജണ്ടയ്ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിലെത്തിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്നും സി പി ഐ എം വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് വര്‍ഗീയ അജണ്ടകള്‍ക്കെതിരെ മറ്റു മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കും.

ജമാ അത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് സംഘടനകളും അവരുടെ രാഷ്ട്രീയ സംഘടനകളും നത്തുന്ന ന്യൂനപക്ഷ സമുദായത്തിന്റെ അരക്ഷിതാവാസ്ഥ ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ ശക്തികളെയാണ് സഹായിക്കുന്നത്. ദേശീയ ആസ്തി വില്‍പന, സ്വകാര്യവത്കരണം തുടങ്ങിവക്കെതിരെ കര്‍ഷക സമര മാതൃകയില്‍ ജനങ്ങളെ അണിനിരത്തണണെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം നല്‍കും. ആഗോള ശക്തിയായി ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നു. ചൈനയുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ പാര്‍ട്ടി രാജ്യത്തെ സര്‍ക്കാറിനൊപ്പമാണ് നില്‍ക്കുന്നതെന്നും കരട് പ്രമേയത്തില്‍ പറയുന്നു.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള കാലഘട്ടം ബി ജെ പിയുടെ കൂടുതല്‍ ദൃഢീകരണത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് സി പി ഐ എം വിലയിരുത്തി. അധികാരത്തിലിരിക്കെ ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജണ്ട ആക്രമണാത്മകമായി പിന്തുടരുകയാണ്. 2019-ല്‍ തിരഞ്ഞെടുപ്പിന് ശേഷം, വര്‍ഗീയ ദേശീയവാദ പ്രചരണം നടത്തി കൂടുതല്‍ സീറ്റുകളും ഉയര്‍ന്ന ശതമാനം വോട്ടുകളും നേടി ബി ജെ പി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. അതിനുശേഷം, ഉഗ്രമായ വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ച കൂട്ടി രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭരണഘടനയുടെ അടിത്തറ തകര്‍ത്ത് ജമ്മു & കശ്മീര്‍ സംസ്ഥാനം പിരിച്ചുവിടാനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കി. ഭരണഘടനാ വിരുദ്ധ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കി. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ തുടങ്ങി. ക്രൂരമായ പ്രതിരോധ തടങ്കല്‍ നിയമങ്ങളുടെ ദുരുപയോഗം വഴി ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും നിഷ്‌കരുണം ആക്രമിക്കുകയാണ് ബി ജെ പി സര്‍ക്കാരെന്ന് കരട് പ്രമേയത്തില്‍ പറയുന്നു.

അതേസമയം മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചെറുത്തുനില്‍പ്പും ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവെന്ന് സി പി ഐ എം വിലയിരുത്തി. പുതിയ ലേബര്‍ കോഡുകള്‍ക്കും സ്വകാര്യവല്‍ക്കരണ നീക്കത്തിനുമെതിരെ തൊഴിലാളിവര്‍ഗം പൊതു-മേഖലാ പണിമുടക്കുകളിലൂടെ പ്രതിഷേധിച്ചു. ഭരണഘടനയെയും പൗരത്വത്തെയും അട്ടിമറിക്കുന്നതിനെതിരായ ജനകീയ പ്രതിഷേധമായാണ് സി എ എ വിരുദ്ധ പ്രസ്ഥാനം വികസിച്ചത്. കര്‍ഷകരുടെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ പോരാട്ടം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതോടെ ചരിത്രപരമായ വിജയത്തില്‍ അവസാനിച്ചു.

ബി ജെ പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം. ശക്തമായ സമരരീതിയില്‍ ജനങ്ങളെ വര്‍ഗ-ബഹുജന സമരങ്ങളില്‍ അണിനിരത്താന്‍ സി പി ഐ എമ്മിന്റെയും ഇടതുപക്ഷ ശക്തികളുടെയും സ്വതന്ത്ര ശക്തിയുടെ വളര്‍ച്ച ഇതിന് ആവശ്യമാണെന്ന് പ്രമേയത്തിലെ രാഷ്ട്രീയ രേഖയില്‍ സി പി ഐം എം പറയുന്നു. ഹിന്ദുത്വ അജണ്ടയ്ക്കും വര്‍ഗീയ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിന് പാര്‍ട്ടിയെയും ഇടതുപക്ഷ ശക്തികളെയും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ എല്ലാ മതേതര ശക്തികളെയും വിപുലമായി അണിനിരത്താന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണം.

ബഹുജന സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഉള്‍പ്പെടെ എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്താന്‍ പാര്‍ട്ടി സുസ്ഥിരമായ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇടതുപക്ഷ ജനാധിപത്യ പരിപാടികള്‍ ബദല്‍ നയങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ വേദി സംയുക്ത സമരങ്ങളും പ്രസ്ഥാനങ്ങളും നടത്തണം. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ശേഖരിക്കുന്നതിന് ഉചിതമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സ്വീകരിക്കും.
Recommended Video

ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി മുന്‍നിരയിലായിരിക്കണം. ഈ സമരം ഒന്നിലധികം തലങ്ങളില്‍ സുസ്ഥിരമായ രീതിയില്‍ നടത്തേണ്ടതുണ്ട്. ഹിന്ദുത്വ ശക്തികളുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ബന്ധപ്പെട്ട പൗരന്മാരും സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളുടെ സാധ്യമായ വിശാല ഐക്യം രൂപപ്പെടുത്തണം. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയും സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയുള്ള സാമൂഹിക അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടുകയും വേണം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധവും പാര്‍ട്ടിക്കെതിരെ പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെയും പാര്‍ട്ടി പ്രതിരോധം ഏറ്റെടുക്കണം.












Click it and Unblock the Notifications