വോട്ട് കിട്ടാന്‍ ബിജെപി വേശ്യാലയവും തുറക്കും: എഎപി നേതാവ്
ചണ്ഡിഗഡ്: വോട്ട് കിട്ടാന്‍ വേണ്ടി ബി ജെ പി വേശ്യാലയങ്ങള്‍ തുറക്കാന്‍ പോലും തയ്യാറാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ജയ്ഹിന്ദ്. എ എ പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ് നവീന് ജയ്ഹിന്ദ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റോഹ്തകില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് നവീന്‍ ജയ്ഹിന്ദ് ഈ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഹരിയാനയിലെ അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് ബിഹാറില്‍ നിന്നും വധുക്കളെ കൊണ്ടുവരും എന്ന് നേരത്തെ ബി ജെ പി നേതാവ് ഒ പി ധാങ്കര്‍ പ്രസംഗിച്ചിരുന്നു. ഈ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു നവീന്‍ ജയ്ഹിന്ദ്. ഹരിയാനയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വിലകുറഞ്ഞ പ്രചാരണതന്ത്രമാണ് ബി ജെ പി സ്വീകരിക്കുന്നത്. വോട്ടിന് വേണ്ടി വേശ്യാലയം തുടങ്ങാന്‍ പോലും അവര്‍ തയ്യാറാകും.

ഹരിയാനയിലെ ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ബി ജെ പി ശ്രമിക്കേണ്ടത്. സ്ത്രീ പുരുഷ അനുപാതം വളരെ കുറവാണ് ഇവിടെ. ഇത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതിന് പകരം ഹരിയാനയിലെ ചെറുപ്പക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ബി ജെ പി നേതാവ് നടത്തിയിരിക്കുന്നതെന്നും നവീന്‍ ജയ്ഹിന്ദ് പറഞ്ഞു.
ഹരിയാനയിലെ ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളില്ല എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ബിഹാറില്‍ നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അവസരം ഒരുക്കാം എന്ന് ബി ജെ പി നേതാവ് ഒ പി ധാങ്കര്‍ പ്രസംഗിച്ചത്. ബിഹാറിലെ ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി തന്റെ സുഹൃത്താണ് എന്നും ഈ വിവാഹങ്ങള്‍ നടത്താന്‍ ഈ ബന്ധം ഉപകരിക്കുമെന്നും ധാങ്കര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications