മണിപ്പൂരിൽ ബിജെപിക്ക് രണ്ടക്കം തൊടാനാവില്ല;രൂക്ഷവിമർശനവുമായി ജെഡിയു
ഇംഫാൽ; ബി ജെ പിക്ക് മണിപ്പൂരിൽ രണ്ടക്കം തൊടാനാവില്ലെന്ന് ജെ ഡി യു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണെന്നും ബി ജെ പിയെ ജനം പാഠം പഠിപ്പിക്കുമെന്നും ജെ ഡി യു പറഞ്ഞു. ബിഹാറിൽ എൻ ഡി എ സഖ്യകക്ഷിയായ ജെഡിയു മണിപ്പൂരിൽ തണിച്ചാണ് മത്സരിക്കുന്നത്.
സ്പീക്കറുടെ ഓഫീസ് പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളോട് വിട്ടു വീഴ്ച ചെയ്തു. ബിജെപിക്കെതിരെ മണിപ്പൂരിൽ ശക്തമായ ജനരോഷം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കും, ജനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജെ ഡിയു ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ പറഞ്ഞു.

സംസ്ഥാനത്ത് ഭൂരിപക്ഷം നേടിയെടുക്കാൻ ബിരേൻ സിംഗും അസം മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയും മറ്റ് പാർട്ടികളെ തകർത്തുവെന്നും ഖാൻ കുറ്റപ്പെടുത്തി. മണിപ്പൂരിൽ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റിടങ്ങളിലും പാർട്ടികളെ തകർത്ത നേതാവാണ് ഹിമന്ത ബിശ്വ ശർമ്മ. അരുണാചൽ പ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും (60ൽ 40), ഏഴ് ജെ ഡിയു എം എൽ എമാരിൽ ആറ് പേരെ ബി ജെ പി അടർത്തിയെടുത്തു. അസമിൽ ഹിമന്തയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതിൽ യാതൊരു അത്ഭുദവും ഇല്ലെന്നും അഫാഖ് അഹമ്മദ് ഖാൻ പറഞ്ഞു.
മണിപ്പൂരിലെ 60 നിയമസഭാ സീറ്റുകളിൽ 38 സീറ്റുകളിലാണ് ജെ ഡി യു മത്സരിക്കുന്നത്. കോൺഗ്രസും ബി ജെ പിയും വിട്ടു വന്ന 12 മുൻ എം എൽ എമാർക്ക് ജെ ഡി യു സീറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയ മുൻ വനിതാ പോലീസ് ഉദ്യോഗസ്ഥ തൗണോജം ബൃന്ദയ്ക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. മരുന്ന് മാഫിയ തലവനെ സഹായിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോലീസ് സേനയിൽ നിന്ന് രാജിവെച്ചയാളാണ് ബൃന്ദ. ബിജെപിയുടെ നിലവിലെ എംഎൽഎയും മണിപ്പൂരിലെ നിയമമന്ത്രിയുമായ തോക്ചോം സത്യബ്രതയ്ക്കെതിരെയാണ് ബൃന്ദ മത്സരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 28 നും മാർച്ച് 7 നുമാണ് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications