വീണ്ടും ഞെട്ടിച്ച് ബിജെപി; ആദ്യമായി എം എല്‍ എയായ ഭജന്‍ലാല്‍ ശര്‍മ്മ രാജസ്ഥാന്‍ മുഖ്യമന്ത്രി
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭജന്‍ലാല്‍ ശര്‍മ്മയെ തിരഞ്ഞെടുത്ത് ബി ജെ പി. ഉയര്‍ന്ന് കേട്ട പേരുകളെല്ലാം തള്ളിയാണ് ബി ജെ പി ആദ്യമായി എം എല്‍ എയായ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. സംഗനീര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഭജന്‍ലാല്‍ ശര്‍മ്മ വിജയിക്കുന്നത്. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ആണ് ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
യോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് ബിജെപി നിരീക്ഷകര്‍ ഇന്ന് ജയ്പൂരില്‍ എത്തിയിരുന്നു. വിനോദ് താവ്ഡെ, സരോക് പാണ്ഡെ, രാജസ്ഥാന്റെ ബി ജെ പി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും കേന്ദ്രസംഘത്തിലുണ്ടായിരുന്നു. സി പി ജോഷി, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭജന്‍ലാല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മയുടെ പേര് വസുന്ധര രാജെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത് എന്നാണ് വിവരം. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായിരുന്നു.
ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്നാഥ്, ദിയാ കുമാരി, അനിത ഭാദേല്‍, മഞ്ജു ബാഗ്മര്‍, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ചെയ്തത് പോലെ പുതുമുഖത്തെ പരീക്ഷിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം. രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന 199 സീറ്റില്‍ 115 ലും വിജയിച്ചാണ് ബി ജെ പി അധികാരം തിരിച്ചുപിടിച്ചത്.
ദിയാ കുമാരിയെയും പ്രേംചന്ദ് ബൈര്‍വയെയും ഉപമുഖ്യമന്ത്രിയാകും. എം എല്‍ എ വാസുദേവ് ദേവ്നാനി സ്പീക്കറാകും. അജ്മീര്‍ സ്വദേശിയായ അദ്ദേഹം മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും യഥാക്രമം മോഹന്‍ യാദവ്, വിഷ്ണു ദേവ് സായി എന്നിവരെയാണ് ബി ജെ പി മുഖ്യമന്ത്രി സ്ഥാനതത്തേക്ക് നിയോഗിച്ചത്.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നാല് തവണ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭജന്‍ലാല്‍ ശര്‍മ്മ. എ ബി വി പിയിലും ആര്‍ എസ് എസിലും സജീവമായി പ്രവര്‍ത്തിച്ച ശേഷമാണ് ബി ജെ പിയുടെ സംഘടനാകാര്യ ചുമതലകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.












Click it and Unblock the Notifications