യെദ്യൂരപ്പയെ പൂർണമായും കൈയ്യൊഴിഞ്ഞ് നേതൃത്വം; കർണാടകയിൽ ബിജെപിയുടെ പുതുതന്ത്രം
ജാതി-മത സമുദായ നേതാക്കളെ ആശ്രയിക്കുന്ന പതിവ് രീതി പൊളിക്കാനുള്ള ബി ജെ പിയുടെ തന്ത്രമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

ബെംഗളൂരു : ലിംഗായത്ത് -വൊക്കാലിഗ സന്യാസിമാർ, ബ്രാഹ്മണ നേതാവ്, ജൈന ആത്മീയ നേതാവ്, ഒപ്പം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മി; അടുത്തിടെ നടന്ന ദില്ലി-കർണാടക സംഘ അമൃത് മഹോത്സവ് പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട പ്രമുഖ നേതാക്കൾ ഇവരായിരുന്നു. അന്ന് ഏറ്റവും കൂടുതൽ ചർച്ചയായത് സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത്, വൊക്കാലിഗ സമുദായത്തിൽ നിന്നുള്ള ബി എസ് യെദ്യൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളുടെ അസാന്നിധ്യമായിരുന്നു. അതേസമയം ജാതി-മത സമുദായ നേതാക്കളെ ആശ്രയിക്കുന്ന പതിവ് രീതി പൊളിക്കാനുള്ള ബി ജെ പിയുടെ തന്ത്രമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതാക്കളെ ഇടനിലക്കാരാക്കാതെ കർണാടകയിലെ മതനേതാക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന രീതിയായിരുന്നു ബി ജെ പി ദേശീയ നേതൃത്വം അവലംബിച്ചത്. 2017 ലും 2018 ലും അന്നത്തെ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വൊക്കാലിഗ നിർമലാനന്ദനാഥ സ്വാമിയെ പലതവണ കാണുകയും അദ്ദേഹത്തിന്റെ ആശ്രമത്തിൽ തങ്ങുകയും ചെയ്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രമന്ത്രി അമിത് ഷായും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കർണാടക സന്ദർശന വേളയിൽ നിരവധി പ്രമുഖ മതമഠങ്ങൾ സന്ദർശിച്ചിരുന്നു. ജനുവരിയിൽ നദ്ദ പഞ്ചമസാലി ലിംഗായത്ത് മഠം, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) കനക ഗുരുപീഠം, പട്ടികവർഗ (എസ്ടി) വാൽമീകി ഗുരുപീഠം, ലിംഗായത്തുകളുടെ സിദ്ധഗംഗ മഠം എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു. ഇതെല്ലാം സമുദായ നേതാക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു.
ബി ജെ പിയെ സംബന്ധിച്ച് സമുദായങ്ങൾക്കിടയിൽ പ്രത്യേകിച്ച് സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് വിഭാഗത്തിനിടയിൽ സ്വാധീനമുണ്ടായ പ്രധാന ബി ജെ പി നേതാവ് മുൻ മുഖ്യമന്ത്രി കൂടിയായ ബിഎസ് യെദ്യൂരപ്പയായിരുന്നു. ലിംഗായത്ത് സമുദായാംഗം കൂടിയായിരുന്നു യെഡ്ഡി. അടുത്തിടെ രാഷ്ട്രീയത്തിൽ നിന്നും യെദ്യൂരപ്പ വിരമിക്കൽ പ്രഖ്യാപിച്ചത് ബി ജെ പിക്ക് തിരിച്ചടിയായേക്കുമെന്നും സമുദായത്തിന്റെ പിന്തുണ പാർട്ടിക്ക് നഷ്ടമാകാൻ കാരണമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ യെദ്യൂരപ്പയുടെ വിരമിക്കൽ കാര്യങ്ങൾ അനുകൂലമാക്കിയിരിക്കുകയാണെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ. മുൻപ് പല വിധ അഴിമതി ആരോപണങ്ങൾ യെദ്യൂരപ്പയ്ക്കെതിരെ ഉയരുമ്പോഴും സമുദായ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിൽ യെഡ്ഡിയെ കൂടെ നിർത്തേണ്ടത് ബി ജെ പിക്ക് അനിവാര്യമായിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു സാഹചര്യം ഇല്ലെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.
അതേസമയം യെദ്യൂരപ്പയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ റോളില്ലെന്നും വലിയ സ്വാധീനമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. നേതൃത്വത്തിനെതിരെ തിരിഞ്ഞാൽ മകന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്തിലാകുമെന്ന ആശങ്കയും യെദ്യൂരപ്പയ്ക്ക് ഉണ്ടാകുമെന്നും ഇവർ പറയുന്നു. എന്നിരുന്നാലും യെദ്യൂരപ്പയെ മാറ്റി നിർത്തിയാൽ നിലവിലെ സാഹചര്യത്തിൽ അത് തിരിച്ചടിയാകുമെന്ന് ബി ജെ കരുതുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവമോഗ എയർപോർട്ട് ഉദ്ഘാടന വേദിയിൽ മോദിയ്ക്കൊപ്പം യെദ്യൂരപ്പയേയും എത്തിക്കാൻ ബി ജെ പി ശ്രമിച്ചത്. എന്നാൽ യെദ്യൂരപ്പയെ ഒപ്പം നിർത്തി മുറിവ് ഉണക്കാനുള്ള ഇത്തരം നീക്കങ്ങൾ സമുദായ വോട്ടുകൾ പെട്ടിയിലാക്കാൻ സഹായിക്കുമോയെന്നത് ചെയ്യുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications