കലാപങ്ങള്‍ക്ക് കാരണം ബിജെപിയും കോണ്‍ഗ്രസും
പട്‌ന: രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസും ബി ജെ പിയുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദി നരേന്ദ്രമോഡിയും സിഖ് കലാപത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. പട്‌നയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.
ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ നിതീഷ് കുമാര്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് നീക്കം തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വിമര്‍ശകനായി മാറിയിരിക്കുകയാണ് നിതീഷ് കുമാര്‍ ഇപ്പോള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവന്നതോടെയാണ് ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കിനെപ്പറ്റി വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ആപത്താണ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് വിവാദങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ടത്. തുടര്‍ന്ന് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ മോഡി കലാപത്തിന് കൂട്ടുനിന്നു എന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു.
എന്നാല്‍ മോഡിക്ക് മാത്രമല്ല, രാജ്യത്തെ കലാപങ്ങളില്‍ കോണ്‍ഗ്രസിനും പങ്കുണ്ട് എന്നാണ് ഇരുവരുടെയും എതിരാളിയായ നിതീഷ് കുമാര്‍ പറയുന്നത്. സിഖ് കലാപത്തിലും 1989 ലെ ഭാഗല്‍പൂര്‍ കലാപത്തിലും കോണ്‍ഗ്രസിന് പങ്കുണ്ട്. കലാപങ്ങളെ മാത്രമല്ല, ബിഹാറിലെ കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യത്തെയും നിതീഷ് കുമാര്‍ ആക്രമിച്ചു.












Click it and Unblock the Notifications