ഗാംഗുലി ഇല്ലെങ്കില്‍ മിഥുന്‍ ചക്രവര്‍ത്തി: ബംഗാളിലെ രാജ്യസഭാ സീറ്റില്‍ ബിജെപി പരിഗണിക്കുന്നത് ഇവരെ
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ വമ്പന്‍മാരെ പരിഗണിച്ച് ബിജെപി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് ബിജെപിയുടെ പട്ടികയില്‍ ഉള്ളത്. നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് ഇല്ല നിലപാട് സ്വീകരിച്ചയാളാണ് സൗരവ് ഗാംഗുലി. ഇതിന്റെ പേരിലാണ് അദ്ദേഹത്തിന് ബിസിസിഐ പ്രസിഡന്റ് പദം പോലും നഷ്ടമായത്.
ബിജെപി ബംഗാളില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പോലും തയ്യാറായിരുന്നു. എന്നാല്‍ മമതയുടെ അടുത്ത സുഹൃത്തായ ഗാംഗുലി താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇല്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ അദ്ദേഹത്തിന് ബിസിസിഐയിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.അതേസമയം ഇത്തവണ ഗാംഗുലി സമ്മതിക്കുമോ എന്നാണ് അറിയാനുള്ളത്. വമ്പന്‍മാരെയാണ് ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്.

സംസ്ഥാന നേതൃത്വം ഏറ്റവും പ്രമുഖരായ ആളുകള്‍ അടങ്ങിയ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന് രണ്ട് വ്യത്യസ്തമായ പട്ടികകളാണ് സംസ്ഥാന നേതൃത്വം അയച്ചിരിക്കുന്നത്. വെറുമൊരു സീറ്റിനായുള്ള മത്സരത്തെ ജീവന്‍ മരണ പോരാട്ടമായിട്ടാണ് ബിജെപി കാണുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ ഒരു പട്ടിക തയ്യാറാക്കിയപ്പോള്‍, മറ്റൊന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് തയ്യാറാക്കി അയച്ചത്.
കേന്ദ്ര നേതൃത്വത്തിന് ഒറ്റയടിക്ക് ഒരു പേരിലെത്തുക അതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും.സൗരവ് ഗാംഗുലി, മിഥുന്‍ ചക്രവര്‍ത്തി, ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അനിര്‍ബന്‍ ഗാംഗുലി, ഗ്രേറ്റര്‍ കൂച്ച്ബിഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ആനന്ദ് മഹാരാജ് എന്നിവരാണ് സുവേന്ദു അധികാരിയുടെ പട്ടികയില്‍ പേരുള്ളവര്‍. രൂപ ഗാംഗുലി, സ്വപ്ന്‍ ദാസ്ഗുപ്ത, ബിജെപിയുടെ ബംഗാള്‍ വക്താവ് സമിക് ഭട്ടാചാര്യ, മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി, ആനന്ദ് മഹാരാജ് എന്നിവരാണ് മജുംദാറിന്റെ പട്ടികയിലുള്ളത്.
അതേസമയം സൗരവ് ഗാംഗുലി നാമനിര്‍ദേശത്തിന്റെ കാര്യം ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാംഗുലിയില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. തന്നെ ആരും വിളിച്ചിട്ടില്ലെന്നാണ് ആനന്ദ് മഹാരാജ് പ്രതികരിച്ചത്.ബിജെപി തന്നെ പരിഗണിക്കുന്ന കാര്യം അറിയില്ല. ഇത്തരം പട്ടികകളെ കുറിച്ചും അറിഞ്ഞിട്ടില്ല. അവസരം ലഭിച്ചാല്‍ പദവി ജനങ്ങളുടെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും ആനന്ദ് മഹാരാജ് പറഞ്ഞു.
അവസാന നിമിഷം വരെ നാമനിര്‍ദേശത്തിന്റെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുമെന്നാണ് സൂചന. പത്തോളം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഡെറക് ഒബ്രയന്‍, ഡോല സെന്‍, സുസ്മിത ദേവ്, പോലുള്ള പ്രമുഖരുടെ കാലയളവും ഇതോടൊപ്പം തീരാനുള്ളതാണ്. ഗുജറാത്തില്‍ നിന്ന് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഗോവയിലും, ബംഗാളിലും ഓരോ സീറ്റ് ഒഴിവ് വരും.












Click it and Unblock the Notifications