ഡല്‍ഹിയില്‍ 'മിനി ഇന്ത്യ': മുഖ്യമന്ത്രിക്ക് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരേയും നിയമിക്കാന്‍ ബിജെപി
ഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബി ജെ പി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശസന്ദർശനത്തിന് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ചർച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന് ഇടയില്‍ തന്നെയാണ് രാജ്യതലസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കാന്‍ ബി ജെ പി ആലോചിക്കുന്നുവെന്ന സൂചനകളും പുറത്ത് വരുന്നത്.
വൈവിധ്യമാർന്ന സമുദായങ്ങളെ പ്രതിനിധീകരിച്ച് ഡൽഹിയെ ഒരു "മിനി ഇന്ത്യ" ആയി പ്രദർശിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. "വ്യത്യസ്ത പശ്ചാത്തലത്തിലുള്ള നേതാക്കളെ ഉൾക്കൊള്ളാൻ ഡെപ്യൂട്ടി മുഖ്യമന്ത്രിമാരെ നിയമിക്കുന്ന രീതിയ മറ്റ് സംസ്ഥാനങ്ങളില്‍ പിന്തുടരുന്നുണ്ട്. ഇത് ഡല്‍ഹിയിലും പ്രതീക്ഷിക്കാം. പാർട്ടി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്," ഒരു ബി ജെ പി നേതാവ് വാർത്താ ഏജൻസിയായ പി ടി ഐയോട് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ദേശീയ നേതൃത്വം മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരുടേയും കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അതിനിടെ ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാകുന്ന സഭാ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച ബി ജെ പി നിയമസഭാ കക്ഷി യോഗം ചേരുമെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി എ എ പി രംഗത്ത് വന്നു. ബിജെപിയിലെ ആഭ്യന്തര സംഘർഷങ്ങൾ ഡൽഹി മുഖ്യമന്ത്രിയെ നിയമിക്കുന്നതിൽ കാലതാമസമുണ്ടാക്കുകയും ഭരണത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് എ എ പി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
'തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി, എന്നിട്ടും ബി ജെ പിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ഡൽഹി നിവാസികൾ നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്നു. ബി ജെ പിയിലെ ആഭ്യന്തര തർക്കത്തിന്റെ ഭാരം ഡൽഹിയിലെ ജനങ്ങൾ എന്തിന് സഹിക്കണം. അവരുടെ നേതാക്കൾ ചെറിയ ഗ്രൂപ്പുകളായി യോഗം ചേരുന്നു. ആര് വേണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. അവർ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്. പക്ഷേ അതിന് ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടേണ്ട ആവശ്യമില്ല' എ എ പി വ്യക്തമാക്കുന്നു.












Click it and Unblock the Notifications