കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം തുടര്‍ന്ന്‌ ബിജെപി; അസ്‌തമയ പാതയില്‍ കോണ്‍ഗ്രസ്‌; 2020ലെ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ്‌ മഹാമാരിയും ലോക്‌ഡൗണും ഭൂരിഭാഗം ദിനങ്ങളും കവര്‍ന്ന 2020ല്‍ ശ്രദ്ധയമായ തിരഞ്ഞെടുപ്പുകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം ഇടങ്ങളിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി വലിയ രീതിയില്‍ വിജയം കൊയ്‌തപ്പോള്‍ മുന്‍ ഭരണകക്ഷി പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ അസ്‌തമയത്തിലേക്കു പോകുന്നതായാണ്‌ 2020ലെ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യവും, കേന്ദ്ര സര്‍ക്കാരിനെതിരെ നീണ്ട രാജ്യവ്യാപക പ്രക്ഷോഭങ്ങളൊന്നും തന്നെ ബിജെപിയെ തിരഞ്ഞെടുപ്പ്‌ ഗോദകളില്‍ വലിയ പരിക്കുകള്‍ ഏല്‍പ്പിച്ചിട്ടില്ല എന്ന്‌ 2020ലെ വിവിധ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പുകള്‍

തിരഞ്ഞെടുപ്പുകള്‍

2020ല്‍ രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പുകളാണ്‌ രാജ്യത്ത്‌ നടന്നത്.‌ കോവിഡ്‌ മാഹാമാരിക്ക്‌ മുന്‍പ്‌ ദില്ലിയിലായിരുന്നു 2020ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു മറ്റൊന്ന്‌. 2020ല്‍ രാജ്യസഭയിലേക്ക്‌ 70 പുതിയ എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപ തിരഞ്ഞെടുപ്പുകള്‍ നടന്നു. ഹൈദരാബാദ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പുകളടക്കം ശ്രദ്ധേയമായ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളും 2020ല്‍ രാജ്യത്ത്‌ നടന്നു.

ബിജെപിക്ക്‌ തിരിച്ചടിയായ ദില്ലി തിരഞ്ഞെടുപ്പ്‌

ബിജെപിക്ക്‌ തിരിച്ചടിയായ ദില്ലി തിരഞ്ഞെടുപ്പ്‌

2020ല്‍ രാജ്യത്ത്‌ ആദ്യം നിയമസഭാ തിരഞ്ഞടുപ്പ്‌ നടന്നത്‌ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ആയിരുന്നു. രാജ്യ തലസ്ഥാനത്തെ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ കച്ച കെട്ടിയിറങ്ങിയ ബിജെപിക്കു പക്ഷെ ആം ആദമി പാര്‍ട്ടിക്കും അരവിന്ദ്‌ കെജ്രിവാളിനും മുന്നില്‍ കൈപൊള്ളി. പൗരത്വ നിയമപ്രക്ഷോഭം രാജ്യത്ത്‌ അലയടിച്ച കാലത്താണ്‌ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം അരവിന്ദ്‌ കെജ്രിവാളിന്‌ ഗുണം ചെയ്‌തു. ആകെ 70 സീറ്റുകളില്‍ നടന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളും നേടി അരവിന്ദ്‌ കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി വീണ്ടും ദില്ലിയിൽ അധികാരത്തിലേറി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. പരാജയം ഏറ്റു വാങ്ങിയെങ്കിലും 2015നേക്കാള്‍ വോട്ട്‌ നില മെച്ചപ്പെടുത്താന്‍ ദില്ലിയില്‍ ബിജെപിക്കായി. 2015ല്‍ ആകെ മൂന്ന്‌ സീറ്റുകള്‍ മാത്രം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ബിജെപി‌ 2020ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ സീറ്റുകളുടെ എണ്ണം 8 ആയി വര്‍ധിപ്പിച്ചു. എന്നാല്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‌ 5 ശതമാനത്തില്‍ താഴെ വോട്ടുകള്‍ നേടാനെ ദില്ലിയില്‍ സാധിച്ചുള്ളു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളായി മത്സരിച്ച 66 സ്ഥാനാര്‍ഥികളില്‍ 63 പേര്‍ക്കും ദില്ലി തിരഞ്ഞെടുപ്പില്‍ കെട്ടി വെച്ച പണം നഷ്ടമായി. 3 കോൺഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക മാത്രമാണ്‌ ദില്ലിയില്‍ 10 ശതമാനത്തിന്‌ മുകളില്‍ വോട്ട്‌ ലഭിച്ചത്‌.

ബീഹാര്‍ പോര്‌

ബീഹാര്‍ പോര്‌

കോവിഡ്‌ മഹാമാരി രാജ്യത്താകമാനം പടര്‍ന്നു പിടിച്ചതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്‌. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ 243 സീറ്റുകളിലായാണ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടന്നത്‌. മൂന്ന്‌ ഘട്ടങ്ങളിലായി നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ്‌ പോരാട്ടത്തില്‍ 125 സീറ്റുകള്‍ നേടി ബിജെപി-ജെഡിയു സഖ്യം അധികാരം നിലനിര്‍ത്തി. നേരിയ ഭൂരിപക്ഷത്തിനാണ്‌ എന്‍ഡിഎ അധികാരം നിലനിര്‍ത്തുന്നത്‌. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബീഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്ക്‌ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനായി എന്നതും ഇത്തവണത്തെ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്‌. മുഖ്യ സഖ്യക്ഷിയായ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടി തിരഞ്ഞെടുപ്പില്‍ നേരിട്ടു. എന്‍ഡിഎ സഖ്യത്തിനെതിരെ ഒരുമിച്ചു നിന്ന്‌ പോരാടിയ പ്രതിപക്ഷ പാര്‍ട്ടികള്‍ മികച്ച പ്രകടനമാണ്‌ ബീഹാറില്‍ പുറത്തെടുത്തത്‌. ആര്‍ജെഡി- കോണ്‍ഗ്രസ്-‌ സിപിഎം മാഹാസഖ്യം തിരഞ്ഞടുപ്പില്‍ 110 സീറ്റുകള്‍ നേടി. ബീഹാറിലെ പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടിയായ ആര്‍ജെഡി 75 സീറ്റുകള്‍ നേടി വലിയ വിജയമാണ്‌ നേടിയത്‌. ലാലുപ്രസാദ്‌ യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലായിരുന്നു ആര്‍ജെഡിയുടെ വിജയം. 75 സീറ്റുകള്‍ നേടിയ ആര്‍ജെഡി തന്നെയാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ബീഹാര്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ നില കൂടുതല്‍ ദയനീയമായിരുന്നു. ബീഹാറില്‍ മഹാ സഖ്യത്തെ അധികാരത്തില്‍ നിന്നും അകറ്റിയതും കോണ്‍ഗ്രസിന്റെ പരാജയം ആയിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍

ആകെ 74 രാജ്യസഭാ എംപിമാരാണ്‌ 2020ല്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. 16 രാജ്യസഭാ എംപിമാര്‍ എതിരില്ലാതെ വിജയിച്ച്‌ രാജ്യസഭയിലെത്തി. ഉത്തര്‍പ്രദേശില്‍ നിന്ന്‌ മാത്രം 12 എംപിമാരാണ്‌‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇതുവഴി രാജ്യസഭയില്‍ തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്താനും ബിജെപിക്കു സാധിച്ചു. 2020ല്‍ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട ഏക വ്യക്തി മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന രഞ്‌ജന്‍ ഗോഗോയി ആണ്‌. രഞ്‌ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌ത ബിജെപിക്കെതിരെ കടുത്ത എതിര്‍പ്പാണ്‌ പ്രതിപക്ഷം ഉന്നയിച്ചത്‌. ജുഡീഷ്യറിക്ക്‌ കളങ്കം വരുത്തുന്നതാണ്‌ തീരുമാനം എന്നായിരുന്നു പ്രതിപക്ഷ ആരോപണം

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ആധിപത്യം

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ആധിപത്യം

2020ല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. 2020ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയം മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു. 25 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന്‌ 28 സീറ്റുകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടി ബിജെപി ഭൂരിപക്ഷം തെളിയിച്ചു. ഉത്തര്‍പ്രദേശില്‍ 7 സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി 6ഉം പ്രാദേശിക പാര്‍ട്ടിയായ സമാജ്‌ വാദി പാര്‍ട്ടി 1 സീറ്റും നേടി. ഗുജറാത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ തങ്ങളുടെ കയ്യിലായിരുന്ന 8 സീറ്റുകള്‍ നഷ്ടപ്പെട്ടപ്പൊള്‍ ബിജെപി ഭൂരിപക്ഷം കൂട്ടി. കോണ്‍ഗ്രസിന്‌ മറ്റൊരു വലിയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നത്‌ മണിപ്പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആയിരുന്നു. കോണ്‍ഗ്രസിന്‌ ഉപതിരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ബിജെപി നാല്‌ സീറ്റുകള്‍ നേടി.

തദ്ദേശ തിരഞ്ഞെടുപ്പുകള്‍

തദ്ദേശ തിരഞ്ഞെടുപ്പുകള്‍

2020ല്‍ നിരവധി സംസ്ഥാനങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളും നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ്‌ ഫലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹൈദരബാദ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫലമായിരുന്നു. ബിജെപിക്ക്‌ അപ്രതീക്ഷിത മുന്നേറ്റമാണ്‌ ഹൈദരാബാദ്‌ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പു ഫലം നല്‍കിയത്‌. തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഭരണക്ഷിയായ ടിആര്‍എസ്‌ 56ഉം അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റുകളും നേടി. ഹൈദരബാദ്‌ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വലിയ വിജയത്തോടെ താരതമ്യേന ബിജെപിക്ക്‌ ശക്തി കുറഞ്ഞ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ കരുത്ത്‌ തെളിയിക്കുന്നതായാണ്‌ കാണുന്നത്‌. കേരളത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ്‌ മറ്റൊരു ശ്രദ്ദേയ തിരഞ്ഞെടുപ്പ്‌ . തിരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ വോട്ട്‌ ഷെയറില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപി വലിയ പ്രതീക്ഷയിലാണ്‌. കോര്‍പ്പറേഷനുകളടക്കം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കേരളത്തില്‍ നേടാന്‍ ബിജെപിക്കു സാധിക്കുമെന്ന്‌ നേതൃത്വം കണക്കു കൂട്ടുന്നു.ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം ജമ്മു കാശ്‌മീരില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഡവലപ്പമെന്റ്‌ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്‌. എന്‍ഡിഎക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച്‌ നിന്ന്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നപ്രത്യേകതയും ജമ്മുകാശ്‌മീര്‍ തിരഞ്ഞെടുപ്പിനുണ്ട്‌

Recommended Video

cmsvideo
വികസനം വോട്ടായിമാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | Oneindia Malayalam
സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി

സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി

കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നുവന്ന രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളോ, രാജ്യത്തെ പിന്നോട്ട് വലിച്ച സാമ്പത്തിക മാന്ദ്യവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കേന്ദ്ര ഭരണകക്ഷി പാര്‍ട്ടിയായ ബിജെപിയെ തിരഞ്ഞെടുപ്പ്‌ രംഗങ്ങളില്‍ ഇതൊന്നും കാര്യമായി ബാധിച്ചില്ല എന്നതാണ്‌ 2020ലെ വിവിധ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടക്കം എല്ലായിടത്തും ബിജെപി തങ്ങളുടെ വിജയം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയാണ്‌. ഹിന്ദി ഹൃദയ ഭൂമിയില്‍ മാത്രം വലിയ ഭൂരിപക്ഷം നേടിയിരുന്ന ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തങ്ങളുടെ കരുത്ത്‌ വേഗത്തില്‍ വര്‍ധിപ്പിക്കുന്നതായാണ് ഹൈദരാബാദ്‌ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്. അതേ സമയം രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദയനീയാവസ്ഥയാണ്‌ 2020ലെ തിരഞ്ഞെടുപ്പ്‌ രംഗങ്ങളില്‍ പ്രകടിപ്പിച്ചത്‌.

English summary
bjp continue their winning elections all over India; congress lose 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X