Get Updates
Get notified of breaking news, exclusive insights, and must-see stories!

'കര്‍ണാടകയിലേത് ഹലാല്‍ ബജറ്റ്, മുസ്ലീങ്ങള്‍ക്ക് വാരിക്കോരി നല്‍കി'; ആരോപണവുമായി ബിജെപി

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ച് ബിജെപി. ബജറ്റിലെ ന്യൂനപക്ഷ ക്ഷേമത്തിനായി വകയിരുത്തിയ തുക ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനമാണ് ചെയ്യുന്നത് എന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ വികസനത്തിന് 1000 കോടി രൂപയും വഖഫ് സ്വത്ത് സംരക്ഷണത്തിന് 150 കോടി രൂപയും ഉറുദു സ്‌കൂളുകള്‍ക്ക് 100 കോടി രൂപയും ഇമാമുകള്‍ക്ക് 6000 രൂപ പ്രതിമാസ ഓണറേറിയവും നീക്കിവച്ചിട്ടുണ്ട്.

കൂടാതെ, പൊതുമരാമത്ത് കരാറുകളുടെ 4 ശതമാനം കാറ്റഗറി-2 ബി പ്രകാരം മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ വിഹിതങ്ങള്‍ അനുവദിക്കുന്നതില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ആരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരത്തെ നടത്തിയ പ്രസ്താവനകളുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

BJP

2006 ഡിസംബര്‍ 9-ന് ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക്, 'വിഭവങ്ങളില്‍ ആദ്യ അവകാശവാദം' ഉണ്ടായിരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് സിദ്ധരാമയ്യയുടെ ബജറ്റ് പ്രഖ്യാപനവും ഇതേ മാതൃക പിന്തുടരുന്നുവെന്ന് അമിത് മാളവ്യ പറഞ്ഞു. കാറ്റഗറി-2 ബി പ്രകാരം പൊതുമരാമത്ത് കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് 4 ശതമാനം സംവരണം മുഖ്യമന്ത്രി ഉറപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവരുടെ അവകാശങ്ങള്‍ കോണ്‍ഗ്രസ് അട്ടിമറിച്ചതായി ആരോപിച്ച മാളവ്യ, ബജറ്റ് വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംവരണവും നല്‍കാന്‍ കഴിയില്ല എന്നും അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. ബിജെപി കര്‍ണാടക ഘടകം സംസ്ഥാന ബജറ്റിനെ 'ഹലാല്‍ ബജറ്റ്' എന്നാണ് വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ബിജെപി ആരോപിച്ചു. മുസ്ലീങ്ങള്‍ക്ക് മാത്രമായി നല്‍കുന്ന നിരവധി വ്യവസ്ഥകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ബിജെപി ചൂണ്ടിക്കാട്ടി. മുസ്ലീം ലളിതമായ വിവാഹങ്ങള്‍ക്ക് 50,000 രൂപ സഹായം, വഖഫ് സ്വത്തുക്കളുടെയും ശ്മശാനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 150 കോടി രൂപ, മുസ്ലീം സാംസ്‌കാരിക പരിപാടികള്‍ക്ക് 50 ലക്ഷം രൂപ, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഒരു പുതിയ ഐടിഐ കോളേജ് സ്ഥാപിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കെഇഎയ്ക്ക് കീഴിലുള്ള മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവ്, ഉള്ളാള്‍ പട്ടണത്തിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്കായി ഒരു റെസിഡന്‍ഷ്യല്‍ പിയു കോളേജ്, ബെംഗളൂരുവിലെ ഹജ്ജ് ഭവന്റെ വികസനം, മുസ്ലീം പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനം എന്നിവയും ബിജെപി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കായി ഒന്നും നല്‍കിയിട്ടില്ല എന്നും ബിജെപി ആരോപിച്ചു.

ബിജെപി എംപി പിസി മോഹനും ബജറ്റില്‍ വിമര്‍ശനവുമായി രംഗത്തെത്തി. മുസ്ലീങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തെ ഹിന്ദുക്കളോടുള്ള കോണ്‍ഗ്രസിന്റെ നിസ്സംഗതയാണ് വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. 4.9 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 4,700 കോടി രൂപയാണ് മുസ്ലീങ്ങള്‍ക്ക് അനുവദിച്ചത് എന്നും ഇത് എങ്ങനെയാണ് ന്യൂനപക്ഷ ബജറ്റാകുന്നത് എന്നും അദ്ദേഹം ചോദിച്ചു.

4700 കോടി രൂപ മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 14 ശതമാനമാണ്. ജനസംഖ്യ അനുസരിച്ച്, 14 ശതമാനത്തിന്, മുസ്ലീങ്ങള്‍ക്ക് 60,000 കോടി രൂപ നല്‍കേണ്ടതായിരുന്നു. എന്നാല്‍ 4,700 കോടി രൂപ മാത്രമാണ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് കുറച്ച് സാമാന്യബുദ്ധി ഉണ്ടായിരിക്കണം. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി ധാരാളം കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+