അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച കർണാടക സർക്കാരിനെ വിമർശിച്ച് ബിജെപി
ബെംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് ധനസഹായമായി 15 ലക്ഷം രൂപ നല്‍കാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തില്‍ രൂക്ഷ വിമർശനവുമായി ബി ജെ പി. കേരളത്തിലെ ഒരു വ്യക്തിക്ക് ധനസഹായം അനുവദിക്കാനുള്ള സർക്കാറിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു
വയാനാട്ടിലെ എംപി രാഹുല്‍ ഗാന്ധിയാണ്. ആ രാഹുല്‍ ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് അപമാനകരവും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും കൂടിയായ വിജയേന്ദ്ര എക്സില്‍ കുറിച്ചു.

കടുത്ത വരൾച്ചയും കർണാടകയിലുടനീളം കർഷക ആത്മഹത്യകളും ഉണ്ടായിട്ടും, സംസ്ഥാനത്തിൻ്റെ അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനേക്കാൾ രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നതിനാണ് കോൺഗ്രസ് സർക്കാർ യാതൊരു ലജ്ജയുമില്ലാതെ മുൻഗണന നൽകിയതെന്നും വിജയേന്ദ്ര പറഞ്ഞു.
"കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ ആഗ്രഹം നിറവേറ്റുന്നതിനായി കർണാടകയിലെ നികുതിദായകരുടെ പണവും സംസ്ഥാന ഖജനാവും അധാർമ്മികമായി കൊള്ളയടിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂട്ടരും ഉത്തരം പറയണം രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കര്‍ണാടകയില്‍നിന്നുള്ള ആനയാണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്" എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
കേരളസര്‍ക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ആവശ്യമുയര്‍ന്നതോടെയാണ് സഹായധനം അനുവദിച്ചതെന്ന് കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് അനുസരിച്ച് കെ.സി. വേണുഗോപാല്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായധനം പ്രഖ്യാപിച്ചതെന്നും മന്ത്രി രാഹുല്‍ ഗാന്ധിക്ക് അയച്ച് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
'കേരളത്തിലെ വയനാട്ടിൽ ആനയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ട അജീഷിൻ്റെ കുടുംബത്തിന് കർണ്ണാടക സർക്കാർ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് താങ്കളുടെ ഉപദേശപ്രകാരം കെ.സി. വേണുഗോപാൽ എന്നെ ടെലിഫോണിലൂടെ അറിയിക്കുകയും
കർണാടക മുഖ്യമന്ത്രി ബഹുമാന്യനായ ശ്രീ സിദ്ധരാമയ്യയുമായി ചർച്ച നടത്തിയതിന് ശേഷം കർണാടക സർക്കാർ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ പ്രഖ്യാപിച്ചു.' രാഹുലിന് അയച്ച കത്തില്‍ കർണാകട വനംവകുപ്പ് മന്ത്രി പറയുന്നു.
ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്ന് പിടികൂടിയ മകർ എന്ന ആനയാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിനു കാരണമെന്ന് നിങ്ങൾക്കറിയാം. 2023 നവംബറിൽ ബന്ദിപുര ടൈഗർ റിസർവിലേക്ക് റേഡിയോ കോളർ ചെയ്തു ഈ ആനയെ മാറ്റിയിരുന്നു, രണ്ട് മാസത്തിന് ശേഷം കേരളത്തിലെ വയനാട് പ്രദേശത്ത് ആനയെ കാണുകയും ശ്രീ അജീഷിനെ ആക്രമിക്കുകയും ചെയ്തു, ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ആത്മാർത്ഥമായി അനുശോചനം രേഖപ്പെടുത്തുന്നു.
കർണാടകയിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത് (6395). രാജ്യത്തും പല കാരണങ്ങളാലും വനവിസ്തൃതി കുറയുന്നു. ഈ സാഹചര്യത്തിൽ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കെത്തുന്ന ആനകളുടെ എണ്ണം കൂടിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനം മന്ത്രിമാരുടെ യോഗം വിളിച്ച് ഈ വിപത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ ഞാൻ ആലോചിക്കുന്നവെന്നും മന്ത്രി രാഹുലിനുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications