'ലോകത്തോട് സംസാരിക്കാൻ ഹിന്ദി പോര, ഇംഗ്ലീഷ് തന്നെ വേണം', ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
ദില്ലി: ഹിന്ദി ഭാഷാ വിവാദത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്തെ സ്‌കൂളുകള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ വിട്ടാണ് പഠിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
''ബിജെപി നേതാക്കള്‍ക്ക് നമ്മുടെ സ്‌കൂളുകള്‍ ഇംഗ്ലീഷ് പഠനം വേണ്ട എന്നാണ്. എന്നാല്‍ അവരുടെ എല്ലാവരുടേയും മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പോയി പഠിക്കുന്നു. യഥാര്‍ത്ഥത്തില്‍ പാവപ്പെട്ട കര്‍ഷകരുടേയും തൊഴിലാളികളുടേയും മക്കള്‍ ഇംഗ്ലീഷ് പഠിക്കരുത് എന്നാണ് അവര്‍ കരുതുന്നത്''. അവര്‍ വലിയ സ്വപ്‌നം കാണുകയും തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോവുകയും ചെയ്യരുത് എന്നും ബിജെപി നേതാക്കള്‍ കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ ആള്‍വാറില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത്. ലോകത്തിലെ മറ്റ് ജനങ്ങളുമായി സംസാരിക്കണമെങ്കില്‍ ഹിന്ദി കൊണ്ട് കാര്യമില്ല, അതിന് ഇംഗ്ലീഷ് വേണം. നമ്മുടെ കുട്ടികള്‍, പാവപ്പെട്ട കര്‍ഷകരുടേയും തൊഴിലാളികളുടേയും കുട്ടികള്‍ അമേരിക്കക്കാരുമായി അവരുടെ ഭാഷ ഉപയോഗിച്ച് മത്സരിച്ച് ജയിക്കണം, രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കമുളള എല്ലാ ബിജെപി നേതാക്കളുടേയും മക്കള്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. ബിജെപിക്ക് കര്‍ഷകരുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പഠിക്കണം എന്നില്ല, കാരണം അവര്‍ വലിയ സ്വപ്‌നങ്ങള്‍ കാണണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയും തമിഴും അടക്കമുളള മറ്റ് ഭാഷകള്‍ പഠിക്കേണ്ടതില്ല എന്നല്ല താന്‍ പറയുന്നത്. അതേസമയം ലോകവുമായി ബന്ധം പുലര്‍ത്തണമെങ്കില്‍ ഇംഗ്ലീഷ് അറിയണം, രാഹുല്‍ വ്യക്തമാക്കി.












Click it and Unblock the Notifications