ശക്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിൽ നടത്തിയ ശക്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി ജെ പി. ഹിന്ദു മത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്ന, പരസ്പര വൈരം വളർത്തുന്ന പ്രസ്താവനയാണെന്ന് പരാതിയിൽ പറയുന്നു. തങ്ങൾ പോരാടുന്നത് മോദിക്കെതിരെയല്ല, നമ്മുടെ പോരാട്ടം ഒരു ശക്തിക്കെതിരെ ആണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത് നാരി ശക്തിയെ അവഹേളിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
' ഹിന്ദു മതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ദേവതയാണ് ദുർഗാ ദേവി. ദുർഗാ ദേവിയെ ശക്തിയായും സങ്കൽപ്പിക്കുന്നു. ഹിന്ദുമതത്തിനും ഹിന്ദു ദൈവങ്ങൾക്കും എതിരെയുള്ള ഈ നിന്ദ്യമായ പ്രസ്താവന മതവികാരം ആഴത്തിൽ പ്രണപ്പെടുത്തുന്നതാണ്. ശക്തിക്ക് പിന്നിലെ മതപരമായ സങ്കൽപ്പത്തെ അവഹേളിക്കാനും മത വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാനുമാണ് ഈ പ്രസ്താവന എന്നാണ് ബി ജെ പിയുടെ പരാതിയിൽ പറയുന്നത്.

രാഹുലിന്റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്. അവരെ എതിർക്കുകയാണ് ഇന്ത്യ സംഖ്യം ചെയ്യുന്നത് ആണെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഇതിന് പിന്നാലെ രാഹുലിന്റെ പരമാർശം വനലിയ ചർച്ച ആയി. തന്റെ വാക്കുകൾ പലപ്പോഴും വളച്ചൊടിക്കുകയാണ്, മോദി തെറ്റിദ്ധാരണ പരത്തുന്നുവെന്നും താൻ ഉദ്ദേശിച്ചത് ഭരണഘടന സ്ഥാപനങ്ങളെ അടക്കം കീഴടക്കി വെച്ചിരിക്കുന്ന ശക്തിയെക്കുറിച്ചാണ് അത് മോദിയെക്കുറിച്ച് തന്നെയാണ്, അത് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. അതിനാലാണ് ആ വാക്ക് വളച്ചൊടിക്കുന്നത് എന്നുമായിരുന്നു രാഹുൽ വിശദീകരിച്ചത്.
ഇതിന് പിന്നാലെ ആണ് ഇപ്പോൾ ഇതേ പരാമർശത്തിൽ രാഹുലിനെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2022 ലെ അപകീർത്തി കേസിൽ രാഹുലിനെ ജാർഖണ്ഡ് കോടതി നേരിട്ട് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന നേരത്ത് കോടതി സമൻസ് അയച്ചത് രാഹുലിനും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും തിരിച്ചടിയാരുകുമോ എന്ന ശങ്ക ഉണ്ടാക്കിയിട്ടുമുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. 2019 ലും രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് ജയിച്ച് തന്നെയായിരുന്നു ലോക് സഭയിൽ എത്തിയത്.












Click it and Unblock the Notifications