രൂപ ഗാംഗുലിക്ക് മത്സരിക്കാനാവില്ല, ബിജെപിക്ക് തിരിച്ചടി
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് പറഞ്ഞ് ബി ജെ പി നേതാവ് രൂപ ഗാംഗുലിയുടെ നാമനിര്‍ദേശ പത്രിക തള്ളി. കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രികയാണ് തള്ളപ്പെട്ടത്. ഇതേത്തുടര്‍ന്ന് ബി ജെ പി നേതൃത്വത്തിന് അവസാന നിമിഷം സ്ഥാനാര്‍ഥിയെ മാറ്റേണ്ടി വന്നു.
രൂപ ഗാംഗുലിയെ മുന്‍നിര്‍ത്തി കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ബി ജെ പിയുടെ തീരുമാനം. എന്നാല്‍ രൂപയുടെ പത്രിക തള്ളപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രൂപ ഗാംഗുലി മേയര്‍ ആകും എന്നാണ് പ്രചരിക്കപ്പെട്ടിരുന്നത്.

സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ ഗൂഡാലോചന നടത്തുകയാണ് എന്നാണ് ബി ജെ പി നേതൃത്വം കുറ്റപ്പെടുത്തുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂലിന്റെ കയ്യിലാണ്. രൂപ ഗാംഗുലിയുടെ പത്രിക തള്ളിയത് ഇക്കാരണം കൊണ്ടാണ്. ഇതിനെ പാര്‍ട്ടി ശക്തമായി അപലപിച്ചു.
ബംഗാളിലെ പ്രശസ്ത നടിയായ രൂപ ഗാംഗുലി ഇക്കഴിഞ്ഞ ജനുവരിയിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. നടി തന്നെയായ സബരി മുഖര്‍ജിയാണ് രൂപ ഗാംഗുലിക്ക് പകരക്കാരിയായി മത്സരിക്കുന്നത് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ സിന്‍ഹ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നിയമ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് അതാത് മുനിസിപ്പാലിറ്റിയില്‍ മത്സരിക്കാന്‍ കഴിയില്ല.












Click it and Unblock the Notifications