കോണ്‍ഗ്രസിനെതിരെ ബിജെപി; ദി കോണ്‍ഗ്രസ് ഫയല്‍സ് പുറത്തുവിട്ടു, വീഡിയോ കാമ്പയിന്‍
ദില്ലി: കോണ്‍ഗ്രസിനെതിരെ വീഡിയോ പ്രചരണവുമായി ബി ജെ പി. ദി കോണ്‍ഗ്രസ് ഫയല്‍സ് എന്ന വീഡിയോയിലൂടെയാണ് ഇപ്പോള്‍ ബി ജെ പി പ്രചരണവുമായി രംഗത്തെത്തിയത്. പരമ്പരയുടെ ആദ്യത്തെ എപ്പിസോഡ് ബി ജെ പി പുറത്തുവിട്ടു. കോണ്‍ഗ്രസ് നടത്തിയ എല്ലാ കുംഭകോണങ്ങളും പുറത്തുകൊണ്ടുവരുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇപ്പോള്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടത്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഉള്‍പ്പെട്ട മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ യു പി എ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന 48,20,69,00,00,000 രൂപയുടെ അഴിമതികളെ കുറിച്ചാണ് പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 'ഭ്രഷ്ടാചാരി ബച്ചാവോ ആന്ദോളന്‍' ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീഡിയോയുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.
2 ജി കുംഭകോണം, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് കുംഭകോണം, കല്‍ക്കരി കുംഭകോണം എന്നിവ ഉള്‍പ്പടെയുള്ള വിവിധ അഴിമതികളില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പങ്കുണ്ടെന്നാണ് ബി ജെ പി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് 14 പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്.
നടപടിയെടുക്കുമ്പോള്‍ ഏജന്‍സികളാല്‍ ആക്രമിക്കപ്പെടുന്നു, കോടതികളില്‍ ചോദ്യങ്ങള്‍ ഉയരുന്നു. ചില പാര്‍ട്ടികള്‍ 'ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍' തുടങ്ങിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി ജെ പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications