കോണ്‍ഗ്രസ് കോട്ടകള്‍ പൊളിക്കാന്‍ കേന്ദ്ര മന്ത്രിമാരെ ഇറക്കി ബിജെപി: മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പട്ടിക
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി. മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം 7 എംപിമാർ അടങ്ങുന്ന പട്ടികയാണ് ബി ജെ പി പുറത്ത് വിട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തിങ്കളാഴ്ച വൈകീട്ടോടെ പാർട്ടി പുറത്തിറക്കിയ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ പട്ടികയിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും വിശ്വസ്തനായ മന്ത്രിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നരേന്ദ്ര സിങ് തോമറിനെ ചമ്പൽ മേഖലയിലെ മൊറേന ജില്ലയുടെ ഭാഗമായ ദിമാനി മണ്ഡലത്തിൽ നിന്നാണ് ബി ജെ പി മത്സരിക്കുന്നത്. ദിമാനി സീറ്റ് ഉള്‍പ്പെടുന്ന മൊറേനയിൽ നിന്നുള്ള സിറ്റിംഗ് എം പിയാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായ തോമർ.

മധ്യപ്രദേശിലെ ബി ജെ പിയുടെ താരതമ്യേന ദുർബലമായ സീറ്റുകളിലൊന്നായതിനാൽ ദിമാനിയില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും തോമറിന്റെ ജനപ്രീതിയില്‍ വിജയിച്ച് കയറാമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. 2018ലും 2020ലെ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ച സീറ്റാണ് ഇത്. അടുത്തിടെ തോമറിനെ ബി ജെ പി സംസ്ഥാന പ്രചാരണ മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു.
സംവരണ സീറ്റായ നിവാസിൽ നിന്നാണ് കുലസ്‌തെയെ മത്സരിപ്പിക്കുന്നത്. 2018-ൽ കോൺഗ്രസ് നേതാവ് ഡോ അശോക് മാർസ്കോൾ നിവാസ് വിജയിച്ച മണ്ഡലമാണ് നിവാസ്. മറ്റൊരു കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് സിംഗ് പട്ടേല്‍ നർസിംഗ്പൂരിൽ നിന്ന് മത്സരിക്കും. കഴിഞ്ഞ രണ്ട് തവണയും ബി ജെ പി വിജയിച്ച സീറ്റാണെങ്കിലും കോണ്‍ഗ്രസിനും മികച്ച സ്വാധീനമുള്ള മണ്ഡലമാണ് നർസിംഗ്പൂർ.
ഗണേഷ് സിംഗ് (സത്‌ന), റിതി പഥക് (സിദ്ധി), രാകേഷ് സിംഗ് (ജബൽപൂർ പശ്ചിം) , ഉദയ് പ്രതാപ് സിംഗ് (ഗദർവാര) എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാർ. 39 പേരുള്ള രണ്ടാം പട്ടികയിൽ എംപിയല്ലാത്ത ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയും ഇടം കണ്ടെത്തി. അദ്ദേഹം ഇൻഡോർ-1 സീറ്റിൽ മത്സരിക്കും.












Click it and Unblock the Notifications